നാല്‍പ്പത്തിയേഴാം തവണയും പത്താംക്ലാസ് തോറ്റു; എണ്‍പത്തിരണ്ടുകാരന്റെ വിവാഹസ്വപ്നം ഇനിയും നീളും!

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (13:23 IST)
ശിവ്ചരന്‍ യാദവ് എന്ന എണ്‍പത്തിരണ്ടുകാരന് എസ് എസ് എല്‍ സി പരീക്ഷയും പരീക്ഷയിലെ തോല്‍വിയുമൊന്നും ഒരു പുത്തരിയല്ല. എന്നാല്‍ വിജയിക്കുന്ന വരെയും പരീക്ഷ എഴുതുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന അദ്ദേഹത്തിന് നാല്‍പ്പത്തിയേഴാം തവണയും എസ് എസ് എല്‍ സി പരീക്ഷ പാസാകാനായില്ലയെന്നതാണ് വസ്തുത. 
 
ഈ പ്രായത്തിലും പരീക്ഷ ഹാളിലെത്തുന്ന ശിവ്ചരണിന്റെ ഈ പ്രയത്‌നത്തിന് പിന്നില്‍ പത്ത് പാസായി തുടര്‍പഠനത്തിന് യോഗ്യത നേടുക എന്ന അടങ്ങാത്ത ആഗ്രഹമല്ല, മറിച്ച് വിവാഹം കഴിക്കുക എന്ന ഉദ്ദേശം മാത്രമാണുള്ളത്.
 
പത്താംക്ലാസ് പരീക്ഷ പാസായ ശേഷം മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്ന് ചെറുപ്പത്തിലേ പ്രതിജ്ഞയെടുത്തിരുന്ന ശിവ്ചരണ്‍ അതിനുവേണ്ടിയുള്ള പ്രയത്നം ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവാഹ സ്വപ്നങ്ങളും പേറി ശിവ്ചരണ്‍ പരീക്ഷാഹാളിലേയ്ക്ക് എത്തുന്നത് നാട്ടുകാര്‍ക്ക് കൗതുകമേറിയ കാഴ്ചയാണ്.
 
ഈ വയസിലും പരീക്ഷയില്‍ പരാജയം നേരിട്ടിട്ടും പ്രതിജ്ഞയില്‍ നിന്നും പിന്മാറാന്‍ താന്‍ തയ്യാറല്ലെന്ന് ശിവ്ചരണ്‍ പറഞ്ഞു. ഏകാന്തവാസിയായ ഇദ്ദേഹം ക്ഷേത്രങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത്. 1995 ലെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ അതീവ ആത്മവിശ്വാസത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍, ഫലം വന്നപ്പോള്‍ കണക്ക് തന്നെ ചതിക്കുകയായിരുന്നുയെന്ന് ശിവ്ചരണ്‍ പറഞ്ഞു.

(ചിത്രത്തിനു കടപ്പാട്: മംഗളം)
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article