നാനൂറു കോടിയുടെ ടാങ്കര്‍ അഴിമതി: ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ കേസ്

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (15:02 IST)
നാനൂറു കോടി രൂപയുടെ ടാങ്കര്‍ അഴിമതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ കേസ്. അഴിമതി തടയല്‍ നിയമം ചുമത്തിയാണ് കെജ്‌രിവാളിനും ഷീലാ ദീക്ഷിതിനുമെതിരെ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രമക്കേടില്‍ കെജ്‌രിവാളിനെയും ഷീലാ ദീക്ഷിതിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് ആന്‍ഡി കറപ്ഷന്‍ ബ്രാഞ്ച് മേധാവി മുകേഷ് മീണ അറിയിച്ചു.
 
ഡല്‍ഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് ഇരു സര്‍ക്കാറുകള്‍ക്കുമെതിരെ കേസ് രജ്‌സ്റ്റര്‍ ചെയ്തത്. അധികാര ദുര്‍വിനിയോഗം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ എ എ പി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നാനൂറ് കോടിയുടെ ടാങ്കര്‍ അഴിമതിയില്‍ കേസെടുത്തത്.
 
2012ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത് അധ്യക്ഷയായ ഡല്‍ഹി ജല്‍ ബോര്‍ഡ് 385 സ്‌റ്റൈന്‍ ലെസ് സ്റ്റീല്‍ ടാങ്കറുകള്‍ വാങ്ങുന്നതിനായി ഒരു സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് 400 കോടി രൂപയുടെ അഴിമതി കണ്ടെത്തിയത്. 
 
അതേസമയം ടാങ്കര്‍ കരാര്‍ റദ്ദാക്കാത്തതില്‍ കെജ്‌രിവാളിനെയും പ്രതിചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് ബി ജെ പി എം എല്‍ എ വിജേന്ദര്‍ ഗുപ്ത നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ കെജ്‌രിവാളിനെതിരെ കേസെടുത്തിരിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article