യോഗ ഒരു ജനകീയമുന്നേറ്റമായി മാറിയെന്നും രാജ്യത്തെ യോഗ ഒന്നിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ ഉള്ളതാണ് യോഗ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചണ്ഡീഗഡിലെ ക്യാപിറ്റോള്‍ കോംപ്ലക്സില്‍ യോഗദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗയ്ക്ക് മികച്ച സംഭാവനകള്‍ നല്കുന്നവരെ ആദരിക്കാനായി അടുത്ത യോഗദിനം മുതല്‍ രണ്ട് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആഗോളതലത്തില്‍ തന്നെ വന്‍ സ്വീകരണമാണ് അന്താരാഷ്‌ട്ര യോഗദിനം എന്ന ആശയത്തിന് ലഭിച്ചത്. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും യോഗയുടെ ഗുണഫലങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, യോഗയുടെ ഗുണങ്ങള്‍ അംഗീകരിക്കാന്‍ ഇപ്പോഴും ചിലര്‍ തയ്യാറല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗ ചെയ്യുന്നതില്‍ എതെങ്കിലും തരത്തിലുള്ള വിവേചനം നിലനില്‍ക്കുന്നില്ല. സാമ്പത്തികമോ സാമൂഹികമോ ആയ ഏറ്റക്കുറച്ചിലുകളില്ല. നല്ല ആരോഗ്യത്തിനെന്ന പേരിലാണ് യോഗദിനം പ്രചരിക്കപ്പെട്ടതെന്നും എന്നാല്‍ ഇപ്പോള്‍ അതൊരു ജനകീയമുന്നേറ്റമായി മാറിയിരിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.