മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയതോടെ ശിക്ഷ നടപ്പാക്കാനുളള ഒരുക്കങ്ങളുമായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. വധശിക്ഷ സംബന്ധിച്ച ഡ്രില്‍ 27 ന് അല്ലെങ്കില്‍ 28 ന് നാഗ്‌പൂര്‍ ജയിലില്‍ നടക്കും.
വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍മാരെ കിട്ടാനില്ലാത്തതു കാരണം മൂന്ന് കോണ്‍സ്‌റ്റബിള്‍മാര്‍ക്ക് പരിശീലനം നല്‍കാനാണ് ജയിലധികൃതരുടെ നീക്കമെന്ന് അറിയുന്നു. അതേസമയം വധശിക്ഷ ജൂലൈ 30നാണെന്നാണ് സൂചന. അന്ന് യാക്കുബ് മേമന്റെ പിറന്നാള്‍ ദിനമാണെന്നാണ് വിവരം. യാക്കുബിന് 30ന് 54 വയസ് തികയും. ജൂലൈ 30ന് വ്യാഴാഴ്‌ച രാവിലെ ഏഴ് മണിക്കാണ് ശിക്ഷ നടപ്പാക്കുക. അതേസമയം തിരുത്തല്‍ ഹര്‍ജി സുപ്രീം കൊടതി തള്ളിയതിനു പിന്നാലെ യാക്കൂബ് മേമന്‍ വധ ശിക്ഷ വൈകിപ്പിക്കാനായി മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ സുപ്രീം കോടതി തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഇത് വിലപ്പോവില്ലെന്നാണ് വിവരങ്ങള്‍. യാക്കുബ് മേമനെ തൂക്കിലേറ്റിയാല്‍ അത് നാഗ്‌പൂര്‍ ജയിലില്‍ നടപ്പാക്കുന്ന 24 മത് വധശിക്ഷയാവും. മഹാരാഷ്‌ട്രയില്‍ മൊത്തം 58 വധശിക്ഷകളാണ് നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ 35 എണ്ണം യേര്‍വാഡ ജയിലിലായിരുന്നു. 1993 മാര്‍ച്ച് 12 ന് നടന്ന സ്ഫോടന പരമ്പരക്കേസിലാണ് യാക്കുബ് മേമന്റെ ശിക്ഷ. മുംബൈ നഗരത്തില്‍ പലയിടങ്ങളിലായി 12 സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിച്ചു. 713 പേര്‍ക്ക് പരുക്കുപറ്റി.