'വായു 'ചുഴലികാറ്റ് ഗുജറാത്ത് തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഗുജറാത്ത് തീരം തൊടുമെന്ന് കരുതപ്പെടുന്ന വായു ചുഴലിക്കാറ്റ് പോർബന്തർ, ബഹുവ- ദിയു, വേരാവൽ തീരപ്രദേശങ്ങളിൽ നാശം വിതയ്ക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ ഗോവൻ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് ഇപ്പോൾ ഉൾവലിഞ്ഞിരിക്കുകയാണ്. കടലിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിരകൾ 1 മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോർബന്ദർ, ജുനഗഢ്, ദിയു, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‍നഗർ എന്നീ ജില്ലകളിലെ തീരമേഖലയിൽ ശക്തമായ കടൽക്ഷോഭമുണ്ടാകും. വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ 12 മുതൽ 14 വരെ തീയതികളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും.
അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറിൽ 135 കിലോ മീറ്റർ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിക്കുന്നത്.