വിഴിഞ്ഞം തുറമുഖത്തിന് മോഡി സര്‍ക്കാരിന്റെ പാര, കേരളത്തിന് വരുമാന നഷ്ടം ഉണ്ടാകും

വ്യാഴം, 23 ഏപ്രില്‍ 2015 (14:33 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകാനായി കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരുഅം കൈകോര്‍ത്തത് വമ്പന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലായാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന ലാഭം മുഴുവന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടിവരുമെന്നാണ് പുതിയ വിവരം. ഇത് കേരളത്തിന് ലഭിക്കേണ്ട വരുമാനത്തേയും തുറമുഖത്തിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചേക്കും. പദ്ധതി നടപ്പിലാകാനായി കേന്ദ്രം അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) പലിശ സഹിതം തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് വിഴിഞ്ഞത്തിന്റെ ഭാവി ആശങ്കയിലാക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് വി.ജി.എഫ് നല്‍കാന്‍ കേന്ദ്രം തയാറായത്. ഇതനുസരിച്ച് പദ്ധതിക്ക് 817 കോടി രൂപ വി.ജി.എഫ്. ആയി ലഭിക്കും. എന്നാല്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പലിശ സഹിതം ഈ തുക തിരികെ നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിന് പതിനഞ്ച് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന ലാഭം മുഴുവന്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടി വരും.  ഇത് പദ്ധതിക്ക് തിരിച്ചടിയാണ് ഉണ്ടാക്കുക. മാത്രമല്ല പലിശ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പദ്ധതി തുടങ്ങാനുണ്ടാകുന്ന കാലതാമസവും തിരിച്ചടക്കേണ്ട തുകവര്‍ദ്ധിക്കാന്‍ കാരണമാകും.

രാജ്യത്ത് ആദ്യമായാണ് വി.ജി.എഫ്. തുക അനുവദിക്കുന്നതും അത് തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുന്നതും. പദ്ധതിക്കായി സ്വകാര്യ പങ്കാളി മുടക്കുന്നതിന്റെ 40 ശതമാനം വരെ തുറമുഖ കമ്പനിക്ക് വി.ജി.എഫ്. ഇനത്തില്‍ കിട്ടുമെങ്കിലും ആദ്യഘട്ടത്തില്‍ 20 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ബാക്കി 20 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നാണ് വ്യവസ്ഥ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക