ചൗവിന് ദ്വീപില്‍ നേരിടേണ്ടിവന്നത് വന്‍ ക്രൂരത; രഹസ്യങ്ങളടങ്ങിയ ആ ബാഗ് എവിടെ ? - കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശനി, 1 ഡിസംബര്‍ 2018 (07:36 IST)
ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരൻ ജോണ്‍ അലൻ ചൗവിന്റെ (27) മൃതദേഹം കണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ദ്വീപ് നിവാസികളുമായി അടുക്കുന്നതിനായിട്ടാണ് യുവാവ് ദ്വീപിലേക്ക് എത്തിയതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നവംബര്‍ 16ന് ദ്വീപിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ചൗവിന്റെ തോണി തകര്‍ന്നിരുന്നു. തുടര്‍ന്ന് 300 മുതല്‍ 400 മീറ്റര്‍ വരെ നീന്തിയാണ് കരയിലെത്തിയത്. ദ്വീപ് നിവാസികളുമായി അടുക്കാന്‍ അവരുടേത് പോലെയുള്ള വസ്‌ത്രമണിഞ്ഞാണ് ദ്വീപില്‍ കടക്കാന്‍ ശ്രമിച്ചത്. അവരുടെ വിശ്വാസം നേടിയെടുക്കുന്നതിനായിരുന്നു ചൗ കറുത്ത അടിവസ്ത്രം ധരിച്ചതെന്നും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
രണ്ടാം തവണ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ചൗവിന് അമ്പേറ്റത്. ഒരു ബാഗ് ദ്വീപില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുള്ളതായും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. പാസ്‌പോര്‍ട്, തുണികള്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, മരുന്നുകള്‍ എന്നിവയാകാം ബാഗിലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ പതിനേഴാം തിയതി ചൗവിന്റെ രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവര്‍ഗക്കാര്‍ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നത് മൽസ്യത്തൊഴിലാളികൾ കണ്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. സെന്റിനലീസ് ഗോത്രക്കാരെ നേരിട്ടു കാണാന്‍ ഇയാള്‍ പലതവണ ശ്രമിച്ചിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയാണ് ചൗ ദ്വീപില്‍ എത്തിയത്. ഇവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന സെന്റിനല്‍ ദ്വീപുള്ളത്. 60 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം.
പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് പറയുന്നത്. 60000 വർഷമായി ഈ ഗോത്രവർഗം നിലവിലുണ്ട്.