സംസാരിച്ചത് ഇഷ്‌ടപ്പെട്ടില്ല; യുവാവിനും യുവതിക്കും മര്‍ദ്ദനം, പെണ്‍കുട്ടിയുടെ തല മുണ്ഡനം ചെയ്‌തു - ആക്രമണത്തിന് നേതൃത്വം നല്‍കിയത് സ്‌ത്രീകള്‍
യുവാവിനും യുവതിക്കും സദാചാര പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനം. അസമിലെ നാഗോണിലെ ഝുമര്‍മര്‍ ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമായി ബന്ധപ്പെട്ട് എട്ടു പേര്‍ അറസ്‌റ്റിലായി.
കഴിഞ്ഞ ദിവസം സമീപ ഗ്രാമത്തില്‍ നിന്നും യുവതിയെ കാണാന്‍ എത്തിയ യുവാവിനെ സ്‌ത്രീകള്‍ ചോദ്യം ചെയ്‌തു. യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. ഇതിനിടെ ആളുകള്‍ തടിച്ചു കൂടുകയും യുവതിയേയും യുവാവിനെയും മര്‍ദ്ദിക്കുകയും ചെയ്‌തു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട സ്‌ത്രീകളടങ്ങുന്ന സംഘം ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ സ്‌ത്രീകള്‍ യുവതിയുടെ തല മുണ്ഡനം ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇരുവരും അവശരായതോടെ നാട്ടുകാര്‍ രാത്രി മുഴവന്‍ ഇവര്‍ക്ക് കാവല്‍ നിന്നു.
വിവരമറിഞ്ഞ് രാവിലെ പൊലീസ് സംഘം എത്തിയാണ് യുവതിയെയും യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌ത്രീകളാണ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.