ചെന്നൈ: വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് സമാനമായി നോണ്‍ എ സി ട്രെയിന്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ റെയില്‍വേ. ഈ മാസം അവസാനത്തോടെ അവതരിപ്പിക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍ എ സി ആയിരിക്കും. കോച്ചിന്റെ അന്തിമ മിനുക്കുപണികള്‍ പുരോഗമിക്കുകയാണെന്ന് ഐസിഎഫ് അധികൃതര്‍ വ്യക്തമാക്കുന്നു.
ഓറഞ്ച്, ചാരനിറം എന്നിങ്ങനെയാകും ട്രെയിന്‍ പുറത്തിറങ്ങുക. ട്രെയ്‌നിന് മുന്നിലും പിന്നിലുമായി ലോക്കോമോട്ടീവുണ്ടാകും. ഇത് പതിവ് ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും. വന്ദേഭാരതിന്റെ ചില ഫീച്ചറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇതിനെ നോണ്‍ എ സി വന്ദേഭാരതെന്ന് വിളിക്കാനാകില്ലെന്ന് ഐസിഎഫ് അധികൃതര്‍ പറയുന്നു. ചുരുങ്ങിയ ചെലവില്‍ സൗകര്യങ്ങളോട് കൂടിയ യാത്രയാണ് ട്രെയിന്‍ ലക്ഷ്യമിടുന്നതെന്ന് ചെന്നൈ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ വ്യക്തമാക്കി.