ഉത്തർപ്രദേശിലെ ബുലന്ത്ഹാറിൽ അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സലിം ബവാരിയ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചു പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇരയായ സ്ത്രീകൾ മൊഴി നൽകിയിരുന്നു. ഇതിൽ മൂന്ന് പേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ സംശയം തോന്നിയ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ 29 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഡൽഹിയിൽനിന്നും ഉത്തർപ്രദേശിലെ ഷാജഹൻപൂരിലേക്കു പോവുകയായിരുന്ന കുടുംബത്തെ അഞ്ചംഗ കവർച്ചാസംഘം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് തോക്കുധാരികളായ സംഘം കാര്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു. അവിടെവെച്ച് ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും മൊബൈല്‍ ഫോണും അപഹരിച്ചു. ശേഷം ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷനെ കെട്ടിയിട്ടശേഷം അമ്മയെയും മകളെയും വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് രക്ഷപെട്ട കുടുംബാംഗങ്ങളിൽ ഒരാളാണ് വിവരം പൊലീസിനെ അറിയിച്ചത്