മുസഫര്‍ നഗറില്‍ വര്‍ഗീയകലാപം; രണ്ടു പേര്‍ വെടിയേറ്റുമരിച്ചു

Webdunia
ബുധന്‍, 1 ജൂലൈ 2015 (08:57 IST)
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപത്തില്‍ രണ്ടുപേര്‍ വെടിയേറ്റുമരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. മുസഫര്‍ നഗറിലെ ഭൂമധ്യ ഗ്രാമത്തിലും സഹാറന്‍പൂര്‍ ജില്ലയിലെ റാംപൂര്‍ മണിഹരന്‍ പ്രദേശത്തുമാണ് രണ്ടുപേര്‍ വെടിയേറ്റുമരിച്ചത്. അതേസമയം, കലാപം കൂടുതല്‍ മേഖലളിലേക്ക് പടരുകയാണ്. പലയിടങ്ങളിലും വെടിവെപ്പും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതും പതിവായി.

പശുവിനെ അറുത്തെന്നാരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസഫര്‍ നഗറില്‍ മുസ്ലിം യുവാവിനെ ജനമധ്യത്തിലൂടെ മൃഗീയമായി മര്‍ദിച്ചുകൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും വര്‍ഗീയസംഘര്‍ഷമുണ്ടായത്. പിന്നീട് ഇരു വിഭാഗങ്ങളും വിവിധ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആക്രമണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. മിര്‍നാപൂരിലെ ഭൂമധ്യ ഗ്രാമത്തില്‍ നിന്ന് പടര്‍ന്ന കലാപം സഹാറന്‍പൂരിലേക്കും പടരുകയായിരുന്നു.

ഇരുവിഭാഗവും സംഘടിച്ചത്തെി പരസ്പരം വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് പൊലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നടത്തിയ വെടിവെപ്പിലാണ് 25കാരന്‍ മരിച്ചതെന്നും പൊലീസ് അറിയിച്ചു. രോഷാകുലരായ ജനം പൊലിസിനെ തിരിച്ച് വെടിവെച്ചതോടെ പരിക്കേറ്റ റാംപൂര്‍ മണിഹരന്‍ സ്റ്റേഷനിലെ ഹൗസ് ഓഫിസര്‍ പ്രേംവീര്‍ സിങ്ങിനെയും കോണ്‍സ്റ്റബ്ള്‍ സുനില്‍കുമാറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് മറ്റൊരാള്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.