അഫ്‌ഗാൻ വനിതകൾക്ക് തുല്യനീതി ഉറപ്പാക്കുമെന്ന് അമേരിക്ക, ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ഉടൻ പ്രഖ്യാപിക്കും

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (19:59 IST)
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടേയും കുട്ടികളുടെ സുരക്ഷയും തുല്യനീതിയും ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും ഭീകരരുടെ താവളമാക്കി മാറ്റാൻ അഫ്‌ഗാൻ ഭൂമി വിട്ടുനൽകില്ലെന്നും അമേരിക്ക. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്.
 
അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ വിദേശകാര്യസെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വിളിച്ചു ചേർത്ത യോഗത്തിൽ ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങൾ ഇന്ന് പങ്കെടുത്തിരുന്നു. പാകിസ്ഥാനും യോഗത്തിൽ പങ്കെടുത്തു.  ഹഖാനി നെറ്റ്വ വ‍ർക്കിനും താലിബാനുമിടയിലെ ത‍ർക്കം തീ‍ർക്കാൻ ഐഎസ്ഐ മേധാവി നേരിട്ട് ഇടപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അഫ്‌ഗാനിലെ ക്രമസമാധാനം ഉറപ്പാക്കാൻ ഇടപെടുമെന്ന അമേരിക്കൻ പ്രസ്താവനയിൽ പാകിസ്ഥാൻ പിന്താങ്ങുന്നത്. 
 
അതേസമയം  2008-ൽ കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ ഭീകരാക്രമണം നടത്തിയ ഹഖാനി നെറ്റ്‌വർക്കിന്റെ നേതാവായ സിറാജ്ജുദ്ദീൻ ഹഖാനിയാണ് താലിബാൻ സ‍ർക്കാരിൽ ആഭ്യന്തരമന്ത്രി എന്നതാണ് ഇന്ത്യയെ ചൊടുപ്പിച്ചിരിക്കുന്നത്. അഫ്ഗാനിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിലപാട് അറിയിക്കുമെന്നായിരുന്നു ഇന്ത്യൻ നയം.
 
അഫ്‌ഗാൻ വിഷയത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ന് നിലപാട് വ്യക്തമാക്കും എന്നാണ് സൂചന.ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നുണ്ട്. ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സാന്നിധ്യത്തിൽ തന്നെ അഫ്‌ഗാൻ വിഷയത്തിൽ ഇന്ത്യ നിലപാട് പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. പാക് കേന്ദ്രീകൃത ഭീകരസംഘടനകള്‍ ഭരണത്തിൽ ഇടപെടുന്നതിനെതിരെയും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയേക്കും.
 
അതേസമയം താലിബാൻ സർക്കാർ നിയമവിരുദ്ധമാണെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍