ബിജെപിയുടെ രഹസ്യങ്ങള്‍ എന്‍എസ്എ ചോര്‍ത്താന്‍ ശൃമിച്ചു

ചൊവ്വ, 1 ജൂലൈ 2014 (14:22 IST)
യുഎസ് ചാര സംഘടനയായ എന്‍എസ്എ ബിജെപിയുടേയും വിവരങ്ങള്‍ ചോര്‍ത്താന്‍ ശൃമിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിസില്‍ബ്ലൊവറായ  എഡ്വേര്‍ഡ് സ്നൊഡന്‍ പുതുതായി പുറത്തുവിട്ട രേഖകളാണ് ലോകത്തിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള എന്‍എസ്എയുടെ ശ്രമങ്ങളെപ്പറ്റി പറയുന്നത്.  

അമേരിക്കയ്ക്കു വെളിയിലെ ആറ് രാഷ്ട്രീയ പര്‍ട്ടികളടങ്ങിയ അതീവ രഹസ്യ പട്ടികയിലാണ് എന്‍എസ്എ ബിജെപിയെ പെടുത്തിയിരിക്കുന്നത്.ബിജെപിക്കു പുറമെ ലെബനോനിലെ  ഹിസ്ബുള്ള ബന്ധമുള്ള അമാല്‍,ബൊളിവാറിയന്‍ കൊണ്ടിനെന്റല്‍ മൂവ്മെന്റ്,ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് ,ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് , പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് രഹസ്യ പട്ടികയിലുള്ള മറ്റു പാര്‍ട്ടികള്‍

കഴിഞ്ഞ 2010 ലാണ് 193 ലോകരാഷ്ട്രങ്ങളുടേയും രാഷ്ട്രീയ സംഘടനകളുടേയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഫിസ കോടതി അനുമതി നല്‍കിയത്.രാജ്യങ്ങളും സര്‍ക്കാറും രാഷ്ട്രീയ സംഘടനകളും കൂടാ‍തെ യു എന്‍ , ഐഎഇഎ, വേള്‍ഡ് ബാങ്ക്, ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും എന്‍എസ്എ ചാരപ്രവര്‍ത്തനങ്ങള്‍ക്കിരയായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക