മൃതദേഹം നാട്ടില്‍ എന്ന് എത്തുമെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

ശ്രീനു എസ്

ശനി, 3 ജൂലൈ 2021 (16:11 IST)
കൂട്ടുകാരന്റെ മൃതദേഹം എന്ന് എത്തുമെന്ന് വിളിച്ച് ചോദിക്കുകയും കുറച്ചുകഴിഞ്ഞ് വിളിച്ചയാളുടെ മരണവാര്‍ത്തയറിഞ്ഞ ഞെട്ടല്‍ പങ്കുവച്ചിരിക്കുകയാണ് യുഎഇ പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി. ഫേസ്ബുക്കിലൂടെയാണ് കുറിപ്പു പങ്കുവച്ചിരിക്കുന്നത്. 
 
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം :
 
ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്‍പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല്‍ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില്‍ എപ്പോഴോ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നു.ഷാര്‍ജയിലെ ഒരു സന്തോഷിന്റെ ഫോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും.ഞാന്‍ സന്തോഷിനോട് ചോദിച്ചു,അയാള്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല്‍ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാന്‍ എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു.കമ്ബനിയിലെ PRO അഷ്റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ്‍ എനിക്ക് വന്നത്.ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും
സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള്‍ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്‍ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന്‍ ആ കമ്ബനിയുടെ PRO യോട് ചോദിച്ചു.
രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍,ഞാന്‍ വീണ്ടും ചോദിച്ചു.നിങ്ങളുടെ കമ്ബനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്‌ബെ ആ PRO പറഞ്ഞു, അഷ്റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള്‍ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന്‍ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്താേഷ് തന്നെയാണ്.
 
സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍,ഞാന്‍ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിന്റെ പ്രശ്നം,അത് എന്നാേട് പറയാമായിരുന്നില്ലേ.....
 
വളരെയധികം വേദനയോടെ
അഷ്റഫ് താമരശ്ശേരി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍