പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു ശ്രീനിവാസ് അന്തരിച്ചു
വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (10:42 IST)
പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു സ്രീനിവാസ് (45) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. കരള്‍രോഗത്തേ തുടര്‍ന്ന് ഏറെനാളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.
മൃത്ദേഹം ഇപ്പോള്‍ ഇവിടെയാണുള്ളത്. സംസ്കാരം എപ്പോഴത്തേക്കാണെന്നതിനേക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിരവധി പ്രമുഖര്‍ ശ്രീനിവാസന്റെ അന്ത്യത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
1978ലായിരുന്നു ആദ്യമായി ഇദ്ദേഹം മാന്‍ഡലിന്‍ സംഗീത കച്ചേരി നടത്തിയത്. പിന്നീട് ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ മാത്രമല്ല, വിദേശ രാജ്യങ്ങളും മാന്‍ഡലിനിലെ തന്റെ മാന്ത്രിക സ്പര്‍ശത്താല്‍ കീഴടക്കി. 1998ല്‍ പത്മശ്രീ, 2010ല്‍ കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ് എന്നിവ നല്‍കി രാജ്യം ഇദ്ദേഹത്തേ ആദരിച്ചിട്ടുണ്ട്.
പാശ്ചാത്യ സംഗീത വാദ്യമായ മാന്‍ഡലിനില്‍ കര്‍ണ്ണാടക സംഗീതം സന്നിവേശിപ്പിച്ചതോടെയാണ് ശ്രീനിവാസന്‍ ശ്രദ്ദേയനായത്. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിനു വേദികളില്‍ ഇദ്ദേഹം മാന്‍ഡലിന്‍ കച്ചേരി നടത്തിയിട്ടുണ്ട്. ഇതില്‍ ശ്രദ്ദേയമായത് ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കച്ചേരികളായിരുന്നു.