മൃതദേഹത്തിന്റെ നടുവൊടിച്ചു, പിന്നെ ഷീറ്റില്‍ ചുരുട്ടിക്കെട്ടി മുളന്തണ്ടില്‍ തൂക്കി ചുമന്നുകൊണ്ടുപോയി - ഒഡീഷയിൽ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാർത്തകൂടി

വെള്ളി, 26 ഓഗസ്റ്റ് 2016 (17:00 IST)
ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് ചുമന്നുകൊണ്ടു പോയ വാർത്തയ്ക്കു പിന്നാലെ ഒഡീഷയിൽ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാർത്തകൂടി. മരിച്ച വൃദ്ധയുടെ മൃതശരീരം ആശുപത്രിയിലേക്ക്‌ മാറ്റുന്നതിനായി രണ്ട് പേര്‍ എല്ലുകള്‍ ഒടിച്ചാണ് തുണിയില്‍ കെട്ടി കൊണ്ടു പോകുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. സോറോ ടൗണിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റററില്‍ മരിച്ച സാലാമണി ബാരിക് എന്ന 76 കാരിയായ വിധവയുടെ മൃതദേഹമാണ് ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ രണ്ടായി ഒടിച്ച് പൊതിഞ്ഞുകെട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

ചുമക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടി ശവശരീരം ഇടുപ്പുഭാഗത്തുനിന്ന് ചവിട്ടി ഒടിച്ച് രണ്ടായി മടക്കി പ്ലാസ്റ്റിക്ക്‌ കവറില്‍ പൊതിയുകയായിരുന്നു. പൊതിഞ്ഞുകെട്ടിയ മൃതദേഹം മുളയില്‍ കെട്ടി രണ്ടുപേര്‍ ചേര്‍ന്ന് ചുമക്കുകയായിരുന്നു. പൊതിഞ്ഞ മൃതദേഹം തൊഴിലാളികള്‍ ചുമന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഓട്ടോറിക്ഷ വാടകക്കെടുത്ത് മൃതദേഹം കൊണ്ടുപോകാനുള്ള പണമില്ലായിരുന്നു. അധികൃതരോട് നീതിക്ക് വേണ്ടി അപേക്ഷിക്കുകയാണെന്ന് മരിച്ച സ്ത്രീയുടെ മകന്‍ രബീന്ദ്ര ബാരിക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക