ടിക്കറ്റ് ചാര്‍ജില്‍ പരിഷ്കരണത്തിന് റയില്‍വേ... പോക്കറ്റ് കീറാന്‍ അധികം താമസമില്ല...!
ശനി, 14 നവംബര്‍ 2015 (13:25 IST)
തിരക്കു കൂടുതലുള്ള സര്‍വീസുകളില്‍ കൂടുതല്‍ ചാര്‍ജ് ഇടാക്കാന്‍ റയില്‍വേ തയ്യാറെടുക്കുന്നു. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുക എന്നതാണ് റെയില്‍വേ പരിഗണിക്കുന്ന നിര്‍ദ്ദേശങ്ങളിലൊന്ന്.
ഇത് പ്രാവര്‍ത്തികമായാല്‍ ഉത്സവ കാലങ്ങളില്‍ അനുവദിക്കുന്ന സ്പെഷ്യല്‍ ട്രയിനുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഉയര്‍ന്ന ചാര്‍ജ് നല്‍കേണ്ടിവരും. യാത്രാ തീയതിയോട് അടുക്കുന്തോറും ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കുന്ന രീതിയും റെയില്‍വേയുടെ പരിഗണനയിലുണ്ട്.
സീറ്റ് ഉറപ്പിക്കുന്നതിനായി ഏജന്‍സികളും മറ്റും ഒരേ റൂട്ടില്‍ നിരവധി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് തടയാനാണ് പുതിയ നീക്കമെന്നാണ് റെയില്‍വേയുടെ ഭാഷ്യം. ടിക്കറ്റ് ക്യാനസലേഷന്‍ കുറയുമെന്നും വരുമാനം കൂടുതല്‍ ലഭിക്കുമെന്നും റയില്‍വേ പുതിയ നിര്‍ദേശത്തിന്റെ മെച്ചമായി ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ബുക്കുംഗ് ഏജന്റുമാര്‍ കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക്ചെയ്ത് വയ്ക്കുന്നത് കുറയ്ക്കുക എന്നതാണ് പുതിയ രീതി ആലോചിക്കാന്‍ റയില്‍വേയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ടിക്കറ്റ് ചാര്‍ജിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചുവരികയാണെന്നും ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നുമാണ് റെയില്‍വേ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.
അടുത്തിടെ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന തുക റെയില്‍വേ ഇരട്ടിയാക്കിയിരുന്നു. ടിക്കറ്റ് തുക പകുതിയെങ്കിലും മടക്കി നല്‍കാനുള്ള സമയം ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെന്നത് നാല് മണിക്കൂറായി വര്‍ധിപ്പിക്കുകയും ചെയ്തു. അതേസമയം ടിക്കറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സമയം ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പു വരെ ആയി പരിഷ്‌കരിച്ചിരുന്നു.