മുംബൈയിലെ ദിവാ സ്‌റ്റേഷനില്‍ ട്രയിന്‍ വരാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. തകുര്‍ലി സ്‌റ്റേഷനില്‍ ഒരു ലോക്കല്‍ ട്രെയിനിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണം. സാങ്കേതിക തകരാറിനേ തുടര്‍ന്ന് ഈ വഴിയിലുള്ള ട്രയിന്‍ ഗതാഗതം താറുമാറായി. മണിക്കൂറുകളോളം കാത്തിരുന്നതിനു ശേഷമാണ് പല ട്രയിനുകളും എത്തിയത്.
ഇതോടെ അക്ഷമരായ യാത്രക്കാര്‍ റെയില്‍ പാളം ഉപരോധിച്ചു. അതിനിടെ പ്രതിഷേധം നിയന്ത്രണം വിടുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. സ്‌റ്റേഷനു നേര്‍ക്ക് കല്ലേറുണ്ടാകുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോക്കോ പൈലറ്റിനു പരിക്കേറ്റതിനേ തുടര്‍ന്ന് ലോക്കോപൈലറ്റുമാര്‍ പ്രതിഷേധ സൂചകമായി സമരം തുടങ്ങിയത് വീണ്ടും ട്രയിന്‍ ഗതാഗതം താറുമാറായി.
സംഘര്‍ഷം നേരിടാനെത്തിയ പോലീസിനു നേര്‍ക്കും യാത്രക്കാര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനത്തിനും കേടുപാടുപറ്റി. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി യാത്രക്കാരെ നീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പല സര്‍വീസുകളും ഇപ്പോഴും അര മണിക്കൂര്‍ വരെ വൈകിയാണ് നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ തിരക്കേറിയ ഓഫീസ് സമയത്താണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.