ട്രയിനില്‍ ഇനി പിസ, കെ എഫ് സി, മക്‌ഡൊണാള്‍ഡ്‌സ് എല്ലാം കിട്ടും

തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (16:14 IST)
ട്രയിന്‍ യാത്രയ്ക്കിടയില്‍ ഭക്ഷണം ബോറടിച്ചു കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ബിസ്കറ്റും ചായയും എന്തെങ്കിലും പഴങ്ങളും കഴിച്ച് ഇറങ്ങാനുള്ള സ്റ്റേഷനു വേണ്ടി കാത്തിരിക്കണം. എന്നാല്‍, ഇതിനെല്ലാം ഒരു അവസാനമായിരിക്കുന്നു. യാത്രയ്‌ക്കിടയില്‍ ഇനി പിസയോ കെ എഫ് സി ബര്‍ഗറോ മക്‌ഡൊണാള്‍ഡ്‌സോ എന്തു വേണമെങ്കിലും ഓര്‍ഡര്‍ ചെയ്യാം. ഇന്ത്യന്‍ റയില്‍വേയുടെ പുതിയ പദ്ധതിയുടെ ഭാഗമാണ് ഇത്. 
 
സ്റ്റേഷനുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഇ - കാറ്ററിംഗ് സംവിധാനത്തിലൂടെയാണ് യാത്രക്കാര്‍ക്ക് അവര്‍ക്ക് ഇഷ്‌ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. റയില്‍വേ നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനുകളില്‍ ആയിരിക്കും ആദ്യഘട്ടങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കുക.
 
പദ്ധതിയുടെ മുന്നോടിയായുള്ള ‘പൈലറ്റ് പ്രൊജക്‌ട്’ല്‍ ആദ്യഘട്ടത്തില്‍ 45 സ്റ്റേഷനുകളില്‍ ആയിരിക്കും പദ്ധതി നടപ്പാക്കുക. കിഴക്കന്‍ മേഖലയില്‍ ഹൌറ, സീല്‍ഡ, ഗുവാഹത്തി, ന്യൂജല്‍പയിഗുരി, പാറ്റ്‌ന, ഭുവനേശ്വര്‍, വിശാഖപട്ടണം, ഖരഖ്‌പുര്‍, മുഗല്‍സരയി എന്നീ സ്റ്റേഷനുകളില്‍ ഇ - കാറ്ററിംഗ് സംവിധാനം നടപ്പാക്കും.
 
കൂടാതെ, ന്യൂ ഡല്‍ഹി, അലഹബാദ്, കാണ്‍പുര്‍ സെന്‍ട്രല്‍, ലഖ്‌നൌ, വാരണാസി, ചെന്നൈ സെന്‍ട്രല്‍, മുംബൈ സെന്‍ട്രല്‍, ഡല്‍ഹി, ബംഗളൂര്‍ സിറ്റി, മധുരൈ, അമൃത്‌സര്‍, തിരുവനന്തപുരം സെന്‍ട്രല്‍, ചണ്ഡിഗഡ്, ഖൊരഖ്‌പുര്‍, ജയ്‌പുര്‍, ബിലാസ്‌പുര്‍, ആനന്ദ് വിഹാര്‍, ഹസ്രത് നിസാമുദീന്‍, ലുധിയാന, സെക്കന്ദ്രാബാദ്, തിരുപ്പതി, വിജയവാഡ, ചെന്നൈ എഗ്‌മോര്‍, എറണാകുളം, കോഴിക്കോട്, തൃശൂര്‍, യശ്വന്ത്‌പുര്‍, നാഗ്‌പുര്‍, പുനെ, ആഗ്ര കാന്ത്, ഗ്വാളിയോര്‍, ഝാന്‍സി, ഭോപ്പാല്‍, അഹ്‌മദബാദ്, സൂറത്ത്, വഡോധര എന്നീ സ്റ്റേഷനുകളിലും മുന്‍കൂട്ടി ഓര്‍ഡര്‍ നല്കുന്നതിന് അനുസരിച്ച് ഭക്ഷണം ലഭ്യമാകും.
 
ഇ-കാറ്ററിംഗ് സര്‍വ്വീസ് സ്റ്റേഷനുകളില്‍ മാത്രമായിരിക്കും ലഭ്യമാകുക. www.ecatering.irctc.co.in എന്ന വെബ്‌സൈറ്റ് മുഖാന്തരമോ 0120-2383892-99/ 1800-1034-139 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിച്ചോ 139 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചോ ഓര്‍ഡര്‍ ചെയ്താല്‍ നിശ്ചിതസ്റ്റേഷനുകളില്‍ വെച്ച് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കുന്നതായിരിക്കും. പി എന്‍ ആര്‍ നമ്പര്‍, സീറ്റ് നമ്പര്‍, ആവശ്യമുള്ള ഭക്ഷണം എന്നിവയാണ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നല്കേണ്ട വിശദാംശങ്ങള്‍ - ഐ ആര്‍ സി ടി സി കിഴക്കന്‍ മേഖല ജനറല്‍ മാനേജര്‍ ദേബാഷിസ് ചന്ദ്ര അറിയിച്ചതാണ് ഇക്കാര്യം.
 
ഐ ആര്‍ സി ടി സിയുടെ നിയന്ത്രണത്തിലുള്ള ഫുഡ് പ്ലാസകള്‍ക്കും ഫുഡ് യൂണിറ്റുകള്‍ക്കും പുറമേ മക്‌ഡൊണാള്‍ഡ്സ്, കെ എഫ് സി, സ്വിറ്റ്‌സ് ഫുഡ്‌സ്, ഓണ്‍ലി ആലിബാബ, ഡൊമിനോസ്, ഹല്‍ദിരാം, ബികാനെര്‍വാല, നിരുലാസ്, സാഗര്‍ രത്‌ന, പിസ ഹട്ട് തുടങ്ങി വ്യത്യസ്തയാര്‍ന്ന ഭക്ഷണങ്ങള്‍ യാത്രക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. പണം ഓണ്‍ലൈന്‍ ആയിട്ടോ കാഷ് ഓണ്‍ ഡെലിവറി ആയിട്ടോ അയയ്ക്കാവുന്നതാണ്.
 
എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണി വരെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളില്‍ വിളിച്ച് പറയാവുന്നതാണ്. സ്റ്റേഷന്‍ എത്തുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം റദ്ദു ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ട്. ഓണ്‍ലൈന്‍ ആയി പേ ചെയ്തിട്ടുണ്ടെങ്കില്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് എടുത്തതിനു ശേഷമുള്ള പണം അക്കൌണ്ടിലേക്ക് റീഫണ്ട് ആകുന്നതായിരിക്കും.
 
അടുത്ത വര്‍ഷം മാര്‍ച്ച് അവസാനം വരെ പൈലറ്റ് പ്രൊജക്‌ട് നടപ്പിലാക്കും. അതിനു ശേഷം, പദ്ധതിയുടെ പ്രകടനം എങ്ങനെയുണ്ടെന്ന് വിലയിരുത്തല്‍ നടത്തും. അതിനു ശേഷമായിരിക്കും പദ്ധതി നടപ്പില്‍ വരുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.

വെബ്ദുനിയ വായിക്കുക