ആർഎസ്എസ് തമിഴ്‌നാട്ടിൽ ഒക്ടോബർ 2ന് നടത്താനിരുന്ന റൂട്ട് മാർച്ച് തമിഴ്‌നാട് സർക്കാർ തടഞ്ഞ തീരുമാനത്തെ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിൽ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം. സർക്കാർ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ തീരുമാനം.
ആര്‍എസ്എസ് തിരുവള്ളൂര്‍ ജോയിന്‍റെ സെക്രട്ടറി ആര്‍.കാര്‍ത്തികേയനാണ് സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കിയത്. കോടതി ആവശ്യപ്പെട്ടിട്ടും റൂട്ട് മാർച്ചിന് സർക്കാർ അനുമതി നിഷേധിച്ചുവെന്നാണ് ഹർജിയിൽ പറയുന്നത്.മാർച്ചിന് അനുമതി നൽകാൻ സെപ്തംബർ 22ന് ഹൈക്കോടതി പൊലീസിന് അനുകൂല നിർദേശം നൽകിയിരുന്നെങ്കിലും പൊലീസ് അത് തള്ളികളഞ്ഞുവെന്നുമാണ് വാദം.
ആര്‍എസിഎസിന് വേണ്ടി തന്നെ ഹാജറായ മുതിർന്ന അഭിഭാഷകൻ എൻഎൽ രാജ
ഒക്ടോബര്‍ രണ്ടിന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാനുള്ള മാർച്ച് തമിഴ്‌നാട്ടിൽ മാത്രം അനുവദിക്കാത്തത് എങ്ങനെയെന്ന് കോടതിയില്‍ ചോദിച്ചു. ഇതോടെയാണ് ആര്‍എസ്എസ് വാദങ്ങള്‍ എതിര്‍ത്തുകൊണ്ട് സർക്കാർ രംഗത്തെത്തിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നതും ആർഎസ്എസ് പ്രവർത്തകർക്ക് നേരെ പലയിടത്തും പെട്രോൾ ബോംബ് ആക്രമണം നടന്നതും അനുമതി നിരസിക്കാനുള്ള കാരണമായി സർക്കാർ പറയുന്നു.
ക്രമസമാധാനം തകരാൻ ആർഎസ്എസിൻ്റെ റൂട് മാർച്ച് കാരണമാകും. തമിഴ്‌നാട്ടിലെ വർഗീയ സംഘർഷം സംബന്ധിച്ച കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുകൾ തള്ളിക്കളയാനാവില്ല. പൊതുതാൽപ്പര്യമാണ് പരമമായതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഒക്ടോബർ രണ്ടിന് മാത്രമെ മാർച്ച് നടത്തുന്നതിൽ പോലീസിന് എതിർപ്പുള്ളുവെന്നും മറ്റേതെങ്കിലും ദിവസം അനുമതി നൽകുന്നത് പരിഗണിക്കാമെന്നും സർക്കാർ വ്യക്തമാക്കി.