പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക്ക് നൂല്‍ കഴുത്തില്‍ കുരുങ്ങി ഡല്‍ഹിയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. സാഞ്ചി ഗോയല്‍(4), ഹാരി(3) എന്നീ കുട്ടികള്‍ക്കാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ നൂല്‍ കഴുത്തില്‍ കുരുങ്ങി ജീവന്‍ നഷ്ടമായത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാഞ്ചി ഗോയല്‍ എന്ന നാലു വയസ്സുകാരിയുടെ കഴുത്തില്‍ ചൈനീസ് നൂല്‍ കുടുങ്ങിയത്. കാറിന്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുകയായിരുന്ന സാഞ്ചിയുടെ കഴുത്തില്‍ നൂല്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷം രാത്രി എച്ച് മണിയോടെയാണ് അച്ഛനമ്മമാര്‍ക്കും മൂത്ത സഹോദരിയ്ക്കുമൊപ്പം കാറില്‍ സഞ്ചരിയ്ക്കുകയായിരുന്ന ഹാരി എന്ന മൂന്ന് വയസ്സുകാരന്റെ കഴുത്തിലും ചൈനീസ് നൂല്‍ കുരുങ്ങിയത്. കഴുത്തിനേറ്റ മുറിവില്‍ നിന്നും ചോരവാര്‍ന് ഹാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഒരാഴ്ചയിക്കിടെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി നാല് പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. ബൈക്ക് യാത്രികനായ യുവാവ് ദിവസങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ മരിച്ചിരുന്നു. ചൈനീസ് നൂലിന്റെ അപകടം തിരിച്ചറിഞ്ഞതോടെ ഗ്ലാസ്, മെറ്റല്‍ ആവരണത്തോടുകൂടിയ ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ട് ചൊവ്വാഴ്ച ഉത്തരവിറക്കിയിരുന്നു. ചൈനീസ് നൂലുകള്‍ ഉപയോഗിച്ച് പട്ടം പറത്തിയാല്‍ ഒരു ലക്ഷം രൂപവരെ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സ്വാതന്ത്ര്യ ദിനമായ തിങ്കളാഴ്ച ആയിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയില്‍ പട്ടം പറത്തിയത്. ഇതിനിടയില്‍ പൊട്ടിപ്പോയതും നിയന്ത്രണം നഷ്ടപ്പെട്ടതുമായ പട്ടങ്ങളുടെ നൂലുകളാണ് ജീവന് വെല്ലുവിളിയാകുന്നത്. നൂറു കണക്കിന് പക്ഷികളാണ് പ്രതിദിനം ചത്തു വീഴുന്നത്.