സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം; നാല് ഭീകരരെ വധിച്ചു, ഫലം കണ്ടത് എട്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ

ചൊവ്വ, 29 നവം‌ബര്‍ 2016 (14:17 IST)
ജമ്മു കശ്മീരിലെ രാംഗറയിലെ സൈനിക താവളം ആക്രമിക്കാൻ ശ്രമിച്ച നാലു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. എട്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പുലർച്ചെ അഞ്ചരയ്ക്ക് തുടങ്ങിയ അക്രമത്തിനാണ് അവസാനമുണ്ടായിരിക്കുന്നത്. രാവിലെ നഗ്രോതയിൽ നടന്ന ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപെട്ടതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. നുഴഞ്ഞ് കയറിയാണ് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തത്.
 
നഗ്രോതയിൽ ശ്രീനഗർ -ജമ്മു ദേശീയ പാതയ്ക്ക് സമീപമുള്ള താൽക്കാലിക സൈനിക താവളത്തിനടുത്താണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരർ സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ് നുഴഞ്ഞ് കയറിയ ശേഷം സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 
 
ആർമിയുടെ 16 കോർപ്പി​ന്റെ ആസ്​ഥാനമാണ്​ നഗ്രോത. ആക്രമണത്തിന്റെ പശ്​ചാത്തലത്തില്‍ ക്യാമ്പിന്​ സമീപത്തെ സ്​കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്​.
 

വെബ്ദുനിയ വായിക്കുക