ജമ്മു കശ്‌മീരില്‍ മൊബൈല്‍ കമ്പനികളുടെ ഓഫീസുകള്‍ക്ക്‌ നേരെ ഭീകരാക്രമണം

Webdunia
വെള്ളി, 24 ജൂലൈ 2015 (16:32 IST)
ജമ്മു കശ്‌മീരില്‍ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ഓഫീസുകള്‍ക്ക്‌ നേരെ ആക്രമണം. എയര്‍സെല്‍, വോഡാഫോണ്‍ എന്നീ കമ്പനികളുടെ ഓഫീസുകള്‍ക്ക്‌ നേരെയാണ്‌ മിനിട്ടുകളുടെ വ്യത്യാസത്തില്‍ ആക്രമണമുണ്ടായത്‌. ജീവനക്കാരെ പുറത്തിറക്കിയതിന്‌ ശേഷം അക്രമികള്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

സോനാല്‍ പോലീസ്‌ സ്‌റ്റേഷനില്‍നിന്നും 300 മീറ്റര്‍ അകലെയാണ്‌ ആക്രമണത്തിന്‌ ഇരയായ എയര്‍സെല്ലിന്റെ ഓഫീസ്‌. ഈ സ്‌ഥാപനത്തിന്റെ 500 മീറ്റര്‍ അകലെയുള്ള വോഡാഫോണിന്റെ ഓഫീസും മിനിട്ടുകള്‍ക്കകം സമാന രീതിയില്‍ ആക്രമണത്തിന്‌ ഇരയായി. കരണ്‍ നഗറിലുള്ള എയര്‍സെല്ലിന്റെ ഓഫീസിലെത്തിയ രണ്ടംഗ സംഘം ജീവനക്കാരെ പുറത്തിറക്കിയ ശേഷം കെട്ടിടം തകര്‍ക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ വ്യക്‌തമാക്കി.

പ്രദേശത്തെ എല്ലാ പോലീസ്‌ ചെക്‌പോസ്‌റ്റുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഉന്നത ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. വടക്കന്‍ കാശ്‌മീരിലെ സോപൂരില്‍ തീവ്രവാദികള്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ക്ക്‌ നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ രണ്ട്‌ കമ്പനി ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.