പച്ചക്കറികളിലെ വിഷാംശം; കേരളത്തിനെതിരെ വിജയകാന്ത്

ചൊവ്വ, 21 ജൂലൈ 2015 (09:42 IST)
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളില്‍ കനത്ത തോതില്‍ വിഷാശം കണ്ടെത്തിയതിനെ ന്യായീകരിച്ച് ഡിഎംഡികെ നേതാവ് വിജയകാന്ത് രംഗത്ത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും കടുത്ത വെല്ലുവിളിയാണ് കേരളം ഉയര്‍ത്തുന്ന വിഷാംശം വിവാദം. ഈ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അടിയന്തരമായി ഇടപെടണമെന്ന് വിജയകാന്ത് ആവശ്യപ്പെട്ടു.

കേരളത്തില്‍നിന്ന് മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവന്ന് തള്ളുന്നതിനെതിരെ കര്‍ശന നടപടി വേണം. കേരളത്തിലേക്കുള്ള പച്ചക്കറികളുടെ സുഗമമായ കടത്തിന് കേരള അതിര്‍ത്തികളിലുള്ള ചെക്ക്‌പോസ്റ്റുകളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വിജയകാന്ത് പറഞ്ഞു.

മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം കേരളം തമിഴ്നാട്ടിലുള്ള കര്‍ഷകരെ വേദനിപ്പിക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്ന് വിജയ്കാന്ത് പറയുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുവരുന്ന പച്ചക്കറിയില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന് കേരളം പറയുന്നതെന്നും നടന്‍ പറഞ്ഞു. കേരളം നമ്മുടെ അയല്‍ സംസ്ഥാനമാണോ അതോ മറ്റേതെങ്കിലും രാജ്യമാണോ? ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. വിജയ്കാന്ത് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികളിലെ കീടനാശിനി ആധിക്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാട് പ്രതിനിധികളെ അയയ്ക്കാതിരുന്നത് ശരിയായില്ലെന്നും വിജയകാന്ത് പറഞ്ഞു.  തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ ദേശീയ പരീക്ഷണശാലകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന കേരളത്തിന്റെ നിലപാടിനെതിരെയാണ് ഡിഎംഡികെ നേതാവ് രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക