ഫോറിന്‍ പോളിസി മാഗസിന്റെ ‘ഗ്ലോബല്‍ തിങ്കര്‍’ പട്ടികയില്‍ ഇടം നേടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സുഷമ സ്വരാജിന്റെ ‘നവ ട്വിറ്റര്‍ നയതന്ത്രം' പുരസ്‌കാരത്തിന് അർഹമാണെന്ന് ആഗോള വിദേശകാര്യ മാസികയായ ഫോറിന്‍ പോളിസി വ്യക്തമാക്കി. ലോകത്തെ പ്രശസ്തരായ പതിനഞ്ച് പേരോടൊപ്പമാണ് സുഷമ സ്വരാജും പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
ഓരോ പ്രശനങ്ങളും പ്രതിസന്ധികളും ഉടലെടുക്കുമ്പോൾ അതിനോടെല്ലാം പ്രതികരിച്ച് ഓരോ സംഭവവികാസങ്ങളെക്കുറിച്ചും ട്വിറ്റർ വഴി വ്യക്തമാക്കുകയും ഇടപെടുകയും ചെയ്തിരുന്നു സുഷമ. ട്വിറ്ററിലൂടെ സുഷമ സ്വരാജിന്റെ ഇടപെടലുകള്‍ വ്യാപകമായി പ്രശംസ നേടിയിരുന്നു. സഹായമഭ്യർത്ഥിച്ചവർക്ക് അവരെ നിരാശപ്പെടുത്താതെ നോക്കാൻ സുഷമയ്ക്ക് കഴിഞ്ഞു.
ട്വിറ്ററിലൂടെ വിദേശത്തും ഇന്ത്യയിലുമുള്ള നിരവധി പേര്‍ വിസ പ്രശ്‌നങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ പ്രതിസന്ധികളും പങ്കുവെച്ചപ്പോള്‍ വിദേശകാര്യ മന്ത്രി സമയോചിതമായി ഇടപെട്ട് നടപടികള്‍ സ്വീകരിച്ചു. വിദേശികളും പ്രവാസികളുമെല്ലാം സുഷമ സ്വരാജിന്റെ സഹായഹസ്തത്തിന്റെ ഗുണമറിഞ്ഞു. ഇതിനെ മികച്ച നവ ട്വിറ്റര്‍ നയതന്ത്രമെന്നാണ് ഫോറിന്‍ പോളിസി മാഗസീന്‍ വിശേഷിപ്പിച്ചത്. സുഷമ സ്വരാജിന് ലഭിച്ച ആഗോള അംഗീകാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.
നൂതന ആശയങ്ങളുമായി രംഗത്തെത്തുകയും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുകയും ചെയ്തവരുടെ പട്ടികയില്‍ സുഷമ സ്വരാജിനൊപ്പം ഹിലരി ക്ലിന്റണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ജസ്റ്റിന്‍ ട്രഡൂ എന്നിവരുമുണ്ട്. അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് സുഷമ സ്വരാജിനെ 'സൂപ്പര്‍ മോം ഓഫ് ദ സ്റ്റേറ്റ്' എന്നാണ് വിശേഷിപ്പിച്ചത്.