ആരോപണങ്ങൾ അസത്യം; താന്‍ മാധ്യമ വിചാരണ നേരിടുന്നു: സുഷമ

Webdunia
വ്യാഴം, 6 ഓഗസ്റ്റ് 2015 (13:19 IST)
മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡി വിഷയത്തില്‍ താന്‍ മാധ്യമ വിചാരണ നേരിടുകയാണെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. തനിക്കെതിരെയുളള ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണ്. ലളിത് മോഡിക്ക് യാത്രാനുമതിക്ക് സഹായം അഭ്യര്‍ഥിച്ച് ബ്രിട്ടിഷ് ഏജന്‍സിയെ സമീപിച്ചിട്ടില്ല. മറിച്ചാണെങ്കില്‍ പ്രതിപക്ഷം തെളിവ് ഹാജരാക്കണമെന്നും ലോക്സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് സുഷമാ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അസാന്നിധ്യം മുതലെടുക്കകയല്ല. പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ തനിക്ക് നീതി ലഭിക്കില്ല അതിനാലാണ് തന്റെ ഭാഗം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ നിയമമനുസരിച്ചാണ് മോഡിക്ക് യാത്രാനുമതി നല്‍കിയത്. ഒരു പത്രത്തിന് നൽകിയ മറുപടിയിൽ ബ്രിട്ടീഷ് സർക്കാർ ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ബ്രിട്ടൻ നിഷേധിക്കുകയാണെങ്കിൽ താൻ അനുമതി നൽകില്ലായിരുന്നുവെന്നും സുഷമാ വ്യക്തമാക്കി.

ലളിത് മോഡി വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭയക്കുകയാണ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. ഇരുസഭകളിലും ഈ വിഷയത്തിൽ ചർച്ച നടത്താൻ താൻ തയ്യാറാണ്. മോഡിയുടെ രോഗിയായ ഭാര്യയെയാണ് താൻ സഹായിച്ചത്. മാനുഷിക പരിഗണനയുടെ പുറത്തായിരുന്നു ആ തീരുമാനം. സ്പീക്കറായാലും സോണിയ ഗാന്ധി ആയാലും ഇതേ ചെയ്യുകയുള്ളു. അത് തെറ്റാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണന്നും സുഷമാ പറഞ്ഞു.