മുതിർന്ന ബി ജെ പി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസായിരുന്നു. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സുഷമയ്ക്ക് ഹൃദയാഘാതമുണ്ടായത്. അതിന് തൊട്ടുമുന്പുവരെ പ്രവർത്തനനിരതയായിരുന്നു സുഷമ. കശ്‍മീർ ബിൽ സംബന്ധിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.
ഒന്നാം മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന സുഷമ സ്വരാജ് അനാരോഗ്യം മൂലം ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. എങ്കിലും സജീവരാഷ്ട്രീയത്തിൽ തുടർന്ന സുഷമ രാജ്യത്തെ സുപ്രധാനമായ എല്ലാ വിഷയങ്ങളിലും തന്റെ ഇടപെടൽ നടത്തുകയും പ്രതികരിക്കുകയും ചെയ്തു. കക്ഷിരാഷ്ടീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു സുഷമ. ഇറാക്കിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ മോചനത്തിനായി കേരളം സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുകയും അതിൽ വിജയം കാണുകയും ചെയ്തത് കേരളം ഒരിക്കലും മറക്കുകയില്ല.