ജഡ്ജിമാർക്ക് കീഴിൽ ക്രിക്കറ്റിന് സുവർണദിനങ്ങളായിരിക്കട്ടെ: ഠാക്കൂ‌ർ

ചൊവ്വ, 3 ജനുവരി 2017 (09:48 IST)
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അധ്യക്ഷൻ അനുരാഗ് ഠാക്കൂർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവരെ തൽസ്ഥാനത്ത് നിന്നും നീക്കുന്നുവെന്ന സുപ്രിംകോടതി വിധി അക്ഷരാർത്ഥത്തിൽ ഠാക്കൂറിനെ ഞെട്ടിക്കുന്നതായിരുന്നു. ബി സി സി ഐയെ ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ വിരമിച്ച ജഡ്ജിമാർക്ക് സാധിക്കുമെന്ന് സുപ്രീം കോടതിക്കു തോന്നുന്നുണ്ടെങ്കിൽ അവർക്ക് എല്ലാവിധ ആശംസകളും ഠാക്കൂർ പ്രതികരിച്ചു.
 
എല്ലാ പൗരൻമാരെയും പോലെ സുപ്രീം കോടതി വിധി താനും മാനിക്കുന്നു. തന്റെ പോരാട്ടം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ആയിരുന്നില്ല. ക്രിക്കറ്റ് ഭരണസമിതിയുടെ സ്വയംഭരണാവകാശത്തിനു വേണ്ടിയാണ് താൻ നിലകൊണ്ടത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഭരണപരമായും കായികമായും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും മികച്ച നാളുകളായിരുന്നു. സുപ്രീം കോടതി നടപടിയോടുള്ള പ്രതികരണമെന്ന നിലയിൽ ട്വിറ്ററിലൂടെ പുറത്തിറക്കിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 
 
ഇന്ത്യൻ ക്രിക്കറ്റിനും കായികരംഗത്തിന്റെ സ്വയംഭരണാവകാശത്തിനുമായുള്ള തന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. സുപ്രീം കോടതി നിയോഗിക്കുന്ന ജഡ്ജിമാർക്കു കീഴിലും ഇന്ത്യൻ ക്രിക്കറ്റിന് സുവർണദിനങ്ങളായിരിക്കട്ടെ. രാജ്യത്തെ ക്രിക്കറ്റ് ഭരണസംവിധാനം അടിമുടി ഉടച്ചുവാർക്കാനുള്ള ജസ്റ്റിസ് ആർ എം ലോധ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഇരുവരേയും സുപ്രിംകോടതി പുറത്താക്കിയത്.
 

വെബ്ദുനിയ വായിക്കുക