മൊബൈല്‍ ഉപയോക്താക്കള്‍ക്ക് കനത്ത തിരിച്ചടി; കോള്‍ മുറിയലിന് ടെലികോം കമ്പനികൾ നഷ്‌ടപരിഹാരം നൽകേണ്ടെന്ന് സുപ്രീംകോടതി
ബുധന്‍, 11 മെയ് 2016 (11:29 IST)
രാജ്യത്തെ മൊബൈല്‍ ഉപയോക്‍താക്കള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. കോള്‍ ഡ്രോപ്പിന് പിഴയീടാക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മൊബൈൽ ഫോൺ വിളിക്കിടെ സംസാരം മുറിഞ്ഞു പോയാൽ ടെലികോം കന്പനികൾ നഷ്‌ടപരിഹാരം നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.
ട്രായിയുടെ തീരുമാനം നേരത്തെ ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാൽ, ഇതിനെ ചോദ്യം ചെയ്‌ത് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (സിഒഎഐ) സുപ്രീംകോടതിയിൽ എത്തുകയായിരുന്നു. ഈ ഉത്തരവ് നടപ്പാക്കണമെങ്കിൽ അതിനാവശ്യമായ നിയമനിർമാണം നടത്താന് പാർലമെന്റിനോട് ആവശ്യപ്പെട്ട കോടതി ട്രായുടെ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവും സുതാര്യവുമല്ലെന്നും വ്യക്തമാക്കി.
ജസ്‌റ്റിസുമാരായ കുര്യൻ ജോസഫ്, ആർഎഫ്നരിമാൻ എന്നിവരാണ് വാദം കേട്ടത്. കോടതിയുടെ വിധി തിരിച്ചടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സംസാരത്തിനിടെ ഫോണ്‍ സംഭാഷണം മുറിയുന്നത് പതിവായതിനാല്‍ കോടതിയുടെ വിധിയില്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും.