സുപ്രീംകോടതി ബോംബ് വെച്ചു തകര്‍ക്കുമെന്ന് അജ്ഞാത ഭീഷണി
സുപ്രീംകോടതി ബോംബ് വെച്ചു തകര്‍ക്കുമെന്ന ഭീഷണിയുമായി അജ്ഞാത കേന്ദ്രത്തിൽനിന്നും ഇ-മെയിൽ സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. ഭീഷണി ഉള്ളടക്കമുള്ള ഇ-മെയില്‍ ലഭിച്ച ഒരാള്‍ സന്ദേശം ഡല്‍ഹി പൊലീസിനു കൈമാറുകയായിരുന്നു. എന്നാല്‍ ഇയാളുടെ പേരു വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. ഭീഷണിയെത്തുടർന്ന് സുപ്രീംകോടതി പരിസരത്തെ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞയാഴ്ച അവസാനമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണു സൂചന.
ഭീഷണി സന്ദേശം വന്നതിനെ തുടര്‍ന്ന് നിയമവിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ പ്രവേശിക്കുന്നത് ഒരു മാസത്തേക്കു വിലക്കി. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെയും സുരക്ഷാ ഏജന്‍സികളെയും അറിയിച്ചിട്ടുണ്ട്. മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനു മുന്നോടിയായി അദേഹം സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിയ സുപ്രീം കോടതി ബെഞ്ചിന്റെ തലവൻ ദീപക് മിശ്രയ്ക്കും അടുത്തിടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മേമന്റെ വധശിക്ഷയ്ക്കുള്ള അന്തിമ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.