സുനന്ദ പുഷ്‌കര്‍ മരണം: തരൂരിനെ ചോദ്യം ചെയ്തു

ചൊവ്വ, 20 ജനുവരി 2015 (08:15 IST)
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഡല്‍ഹിപൊലീസ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി ചോദ്യം ചെയ്തു. നാലുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ ആദ്യഘട്ടം മാത്രമാണെന്നാണ് പൊലീസ് അറിയിച്ചു. പ്രത്യേകാന്വേഷണ സംഘത്തിന്റെ വസന്ത് വിഹാറിലുള്ള ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. അഡീഷണല്‍ ഡിസിപി പി എസ് കുശ്വാഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്. രാത്രി 8 മണിമുതല്‍ 12 മണിവരെ ചോദ്യം ചെയ്യല്‍ നീണ്ടു. ഏതാണ്ട് ഇരുപതോളം ചോദ്യങ്ങള്‍ക്കാണ് തരൂരില്‍ നിന്ന് പൊലീസ് മറുപടി തേടിയത്.
 
വൈകിട്ട് ഡല്‍ഹിയിലെത്തിയ തരൂര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോലീസിന് മുന്നില്‍ ഹാജരായത്. സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കാളിയാകാന്‍ ക്രിമിനല്‍ നടപടിച്ചട്ടം 160 പ്രകാരം തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 12 മണിവരെ നീണ്ടു. അഭിഭാഷകനൊപ്പം എത്തിയ തരൂരിനെ തനിച്ച് ഒരു മുറിയില്‍ ഇരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. രാത്രി 12 മണിക്ക് പുറത്തേക്ക് വന്ന തരൂര്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചില്ല. 
 
തരൂരടക്കം 12 പേര്‍ നേരത്തേ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. വരുംദിവസങ്ങളില്‍ അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സുനന്ദ മരിച്ച ദിവസത്തെ സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരശേഖരണംമാത്രമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. തരൂരിനെ ചോദ്യം ചെയ്യുന്നതറിഞ്ഞ് എല്ലാ മാധ്യമങ്ങളും വസന്ത് വിഹാറിലെ എസ്ഐടി ഓഫീസില്‍ എത്തിയിരുന്നു. തിക്കുംതിരക്കിനുമിടയില്‍ ഏറെ ബുദ്ധിമുട്ടിയാണ് തരൂരിന്റെ വാഹനത്തിന് എസ്ഐടി ഓഫീസില്‍ നിന്ന് പുറത്തേക്ക് പോകാനായത്. 
 
തരൂരിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അഭിനവ് കുമാറില്‍നിന്നും സുനന്ദ അവസാനമായി സംസാരിച്ച മാധ്യമപ്രവര്‍ത്തകയായ നളിനി സിങ്ങില്‍ നിന്നും മൊഴിയെടുക്കും. അഭിനവ് കുമാറാണ് സുനന്ദ ലീലാഹോട്ടല്‍ പാലസില്‍ മരിച്ചു കിടക്കുന്ന വിവരം സരോജിനി നഗര്‍ പോലീസ് സ്റ്റേഷനില്‍ ജനവരി 17-ന് രാത്രി വിളിച്ചുപറഞ്ഞത്.  തരൂര്‍-സുനന്ദ ദമ്പതിമാരുടെ ഡല്‍ഹിയിലേക്കുള്ള അവസാന വിമാന യാത്രയിലുണ്ടായിരുന്ന മുന്‍ വാര്‍ത്താവിതരണമന്ത്രി മനീഷ് തിവാരിയെയും ചോദ്യംചെയ്‌തേക്കും. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക