സുനന്ദാ പുഷ്കറിന്റെ മരണം; സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു

വെള്ളി, 4 ജൂലൈ 2014 (13:17 IST)
സുനന്ദാ പുഷ്കറിന്റെ അസ്വഭാവിക മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. സുനന്ദയുടെ മരണത്തില്‍ മാത്രമല്ല ഐപിഎല്‍ കോഴ സംബന്ധിച്ചും സംഘം അന്വേഷണം നടത്തണമെന്നും സുബ്രഹ്മണ്യം സ്വാമി കത്തില്‍ ആവശ്യപ്പെട്ടെന്നാണ് സൂചന.
 
ഐപിഎല്ലിലെ കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ടാണ് സുനന്ദയുടെ മരണം നടന്നിരിക്കുന്നതെന്നാണ് കത്തിലെ സ്വാമിയുടെ ആരോപണം. ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയുടെ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മരിക്കുന്നതിന് തൊട്ടുമുമ്പായി സുനന്ദ തീരുമാനിച്ചിരുന്നതായി സ്വാമി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
 
അതിനാലാണ് ഐപി‌എല്‍ കൊഴക്കേസും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് സ്വാമി ആവശ്യപ്പെടുന്നത്. സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ അംഗങ്ങള്‍ വേണമെന്ന അഭിപ്രായവും നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. തരൂരിന് സുനന്ദയുടെ മരണം സംബന്ധിച്ച വിവരങ്ങളില്‍ അറിവുണ്ടായിരുന്നെന്നും സ്വാമി കുറ്റപ്പെടുത്തി.
 

വെബ്ദുനിയ വായിക്കുക