പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഏതൊക്കെ രേഖകളുണ്ടെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആകെയുള്ള 41 ഫയലുകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്വത്തുക്കളുമായും മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചതുമായും ബന്ധപ്പെട്ടാണ്. ഇവ സര്‍ക്കാര്‍ ഡീക്ലാസിഫൈ ചെയ്ത് സര്‍ക്കാര്‍ നാഷണല്‍ ആര്‍ക്കൈവ്‌സിന് കൈമാറി. പത്തു രേഖകള്‍ രഹസ്യരേഖകള്‍ എന്ന വര്‍ഗീകരണത്തില്‍ നിന്നും മാറ്റിയെങ്കിലും ഉള്ളടക്കം വെളിപ്പെടുത്താനാകില്ല.
നേതാജിയുടെ ഭാര്യയും മകളും തമ്മിലുള്ള കത്തിടപാടുകള്‍, ചാരം ഇന്ത്യക്കു കൈമാറിയതുമായി ബന്ധപ്പെട്ട രേഖകള്‍, തിരോധനം അന്വേഷിക്കാന്‍ നിയോഗിച്ച മുഖര്‍ജി കമ്മീഷന്റെ കണ്ടെത്തലുകള്‍ തുടങ്ങി നാല് അതീവരഹസ്യരേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ട്. രേഖകള്‍ രഹസ്യമാക്കി വെയ്ക്കുന്നതിലെ താല്‍പര്യം പൊതുതാല്‍പര്യത്തെക്കാള്‍ വലുതാണെന്നാണ് ഇവ രഹസ്യമായി വെയ്ക്കുന്നതിനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ബിജെപി നേതാക്കളുടെ നിലപാടിനു വിരുദ്ധമായാണ് വിവരാവകാശ നിയമപ്രകാരം ഇവ പുറത്തു വിടാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. നേതാജിയുടെ 117ാം ജന്മവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് നിലവില്‍ ആഭ്യന്തരമന്ത്രിയായ രാജ്‌നാഥ് സിംഗ് രേഖകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.