ആകെ സമ്പാദ്യം രണ്ട് ആയിരം രൂപ നോട്ടുകള്‍; ആ നോട്ടുകള്‍ ഇനി സ്വീകരിക്കില്ലെന്ന് അറിഞ്ഞതിന്റെ ആഘാതത്തില്‍ നാല്പതുകാരിയ്ക്ക് ദാരുണാന്ത്യം

വ്യാഴം, 10 നവം‌ബര്‍ 2016 (12:07 IST)
ആയിരം രൂപയുടെ നോട്ടുകള്‍ ഇനിമുതല്‍ സ്വീകരിക്കില്ലെന്ന് അറിഞ്ഞ ആഘാതത്തില്‍ സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ട്. കുശിനഗര്‍ ജില്ലയിലെ കാപ്റ്റന്‍ഗഞ്ച് തഹ്‌സിലിലാണ് ഈ സംഭവം നടന്നത്. നാല്പതുകാരിയായ തീര്‍ത്ഥരാജി എന്ന സ്ത്രീയാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ബാങ്കിലെത്തിയപ്പോളാണ് അലക്കുകാരിയായ തീര്‍ത്ഥരാജി ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന വിവരം അറിഞ്ഞത്. ആയിരം രൂപയുടെ നോട്ടുകള്‍ മാത്രമായിരുന്നു അവരുടെ കയ്യിലെ ആകെ സമ്പാദ്യം. ഇതുമാറ്റി വാങ്ങുന്നതിനായാണ് പാസ്ബുക്കുമായി അവര്‍ ബാങ്കിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.     
 
അതേസമയം മരിച്ച സ്ത്രീയുടെ വീട് റവന്യു ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പണം സ്വീകരിക്കില്ലെന്നറിഞ്ഞതിന്റെ ആഘാതത്തിലാണ് അവര്‍ മരണത്തിന് കീഴടങ്ങിയതെങ്കില്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക