അച്ചടക്ക നടപടിയെടുത്തതിന് പ്രിന്‍സിപ്പാളിനെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ വെടിവച്ചു കൊന്നു. ഹരിയാനയിലെ യമുനാനഗറിലെ താപെർ കോളനിയിലുള്ള സ്വാമി വിവേകാനന്ദ സ്കൂളിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയ റിതു ചബ്രയാണ് കൊല്ലപ്പെട്ടത്.
വെടിയുതിര്‍ത്ത വിദ്യാർഥിയെ അധ്യാപകരും മറ്റു വിദ്യാർഥികളും ചേർന്ന് പിടിച്ച് പൊലീസിനു കൈമാറി.
ഇന്ന് രാവിലെ 11.35 സ്കൂളിലെത്തിയ വിദ്യാർഥി അധ്യാപകരോട് തനിക്ക് പ്രിൻസിപ്പലിനെ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രിൻസിപ്പലിന്‍റെ മുറിയിലെത്തി വിദ്യാർഥി റിതയ്ക്കു നേരെ മൂന്ന് പ്രാവശ്യം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ടെത്തിയ അധ്യാപകരും ജീവനക്കാരും ബഹളം വെയ്‌ക്കുകയും മറ്റു വിദ്യാര്‍ഥികളുടെ സഹായത്തോടെ കൊലയാളിയെ പിടികൂടുകയുമായിരുന്നു.
ഗുരുതരായി പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർഥിയെ അറസ്റ്റു ചെയ്തതായും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി രാജേഷ് കാലിയ അറിയിച്ചു. വിദ്യാര്‍ഥി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പിതാവിന്റെ പേരില്‍ ലൈസന്‍സുള്ള തോക്കാണ് വിദ്യാര്‍ഥി ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വസ്തു കച്ചവടക്കാരനായ കുട്ടിയുടെ പിതാവിനെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
തുടർച്ചയായ ദിവസങ്ങളിൽ സ്കൂളിൽ എത്താത്തതിനെ തുടർന്നു വിദ്യാർഥിയെ പ്രിൻസിപ്പൽ സ്കൂളിൽ നിന്നു പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്‌ക്ക് കാരണമായതെന്നാണ് നിഗമനം.