ഭാരതബന്ദ് തുടങ്ങി, കേരളത്തിൽ ഹർത്താൽ പൂർണം; സർവീസുകൾ നടത്താതെ കെ എസ് ആർ ടി സി, വലഞ്ഞ് ജനം
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (09:45 IST)
ഇന്ധന വിലവർധനയിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് കോൺഗ്രസ് ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത ബന്ധ് ആരംഭിച്ചു. ഡൽഹിയിൽ രാവിലെ നടന്ന പ്രതിഷേധറാലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുത്തു.
പ്രതിഷേധ ഹർത്താലിന്റെ ഭാഗമായി പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നില്ല. ആശുപത്രികളിലേക്കും വിമാനത്താവളം റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയിലേക്കും പോകേണ്ട യാത്രക്കാർ ബുദ്ധിമുട്ടിലാണ്. പ്രളയബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു.
ഇന്ധന വിലവർധനയ്ക്കെതിരെ ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. രാജ്യത്തെ ജനങ്ങളിൽ നിന്നു മാത്രം 11 ലക്ഷം കോടി രൂപയാണ് മോദി കൊള്ളയടിച്ചത്.
ഇന്ധന വിലവർധനയ്ക്കു പരിഹാരം നിർദേശിക്കാനോ അതേക്കുറിച്ചു ചർച്ച ചെയ്യാനോ പോലും ബിജെപി മുതിരാത്തതിൽ വേദനയുണ്ടെന്നു കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. ഹർത്താലിന്റെ പേരിൽ അക്രമത്തിനു മുതിരരുതെന്നു കോൺഗ്രസ് അനുയായികളോട് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.