ഇന്ധന വിലവർധനവിൽ പ്രതിഷേധം; കേരളത്തിൽ ഇന്ന് ഹർത്താൽ, വിവിധ പാർട്ടികളുടെ പിന്തുണയെന്ന് കോൺഗ്രസ്

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (08:46 IST)
ഇന്ധന വിലവർധനയിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് കോൺഗ്രസ് ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധ ഹർത്താലിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കേരളത്തിൽ ഹർത്താൽ. 
 
യുഡിഎഫും എൽഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു. ഭാരത് ബന്ദിന് വിവിധ പാർട്ടികളുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
 
ഇന്ധന വിലവർധനയ്ക്കെതിരെ ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. രാജ്യത്തെ ജനങ്ങളിൽ നിന്നു മാത്രം 11 ലക്ഷം കോടി രൂപയാണ് മോദി കൊള്ളയടിച്ചത്.
 
ഇന്ധന വിലവർധനയ്ക്കു പരിഹാരം നിർദേശിക്കാനോ അതേക്കുറിച്ചു ചർച്ച ചെയ്യാനോ പോലും ബിജെപി മുതിരാത്തതിൽ വേദനയുണ്ടെന്നു കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. ഹർത്താലിന്റെ പേരിൽ അക്രമത്തിനു മുതിരരുതെന്നു കോൺഗ്രസ് അനുയായികളോട് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍