റംസാന്‍ വ്രതം മുടക്കാന്‍ ശ്രമം: ശിവസേനക്കെതിരേ പ്രതിഷേധം ശക്തം

വ്യാഴം, 24 ജൂലൈ 2014 (11:43 IST)
മുസ്ലിം ഉദ്യോഗസ്ഥന്റെ റംസാന്‍ വ്രതം മുടക്കാന്‍ ശ്രമിച്ച ശിവസേന എംപിമാര്‍ക്കെതിരേ പാര്‍ലമെന്റിന് പുറത്ത് എന്‍എസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവം നടന്ന മഹാരാഷ്ട്ര സദന് മുന്നിലും പ്രതിഷേധ ധര്‍ണ നടത്തി. 
 
അതേസമയം വിഷയംപാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. ശിവസേ എംപിമാരുടെ പെരുമാറ്റത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. 
 
ഇതിനിടെ, മഹാരാഷ്ട്ര സദനില്‍ പ്രതിഷേധം നടത്തിയവര്‍ തങ്ങളെ അപമാനിച്ചു എന്നു കാണിച്ച് ശിവസേന എംപിമാര്‍ പാര്‍ലമെന്റില്‍ അവകാശലംഘന നോട്ടീസ് നല്‍കി. വിഷയം എത്തിക്സ് കമ്മിറ്റിക്കു വിടുന്നത് തടയാനാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്.
 
ശിവസേന എംപിമാരുടെ വിഷയം ബുധാഴ്ച സഭയില്‍ വലിയ ബഹളങ്ങള്‍ക്കു കാരണമായിരുന്നു. പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ലോക്സഭയില്‍ പ്രശ്നം ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കൈയാങ്കളിയുടെ വക്കിലെത്തി. എന്നാല്‍ എല്‍കെ അദ്വാനിയൊഴികെ മറ്റു ബിജെപി തോക്കള്‍ ആരുംതന്നെ സംഭവത്തെ അപലപിച്ചില്ല. 

വെബ്ദുനിയ വായിക്കുക