വന്ധ്യംകരണ മരണം: മരുന്നില്‍ എലി വിഷത്തില്‍ ചേര്‍ക്കുന്ന അംശവും

ശനി, 15 നവം‌ബര്‍ 2014 (11:28 IST)
ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് 14 യുവതികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉപയോഗിച്ച മരുന്നില്‍ എലിവിഷത്തില്‍ ചേര്‍ക്കുന്ന രാസവസ്തു കണ്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ അലോക് ശുക്ള നടത്തിയ പ്രാഥമിക പരിശോധനയിലാണ് എലി വിഷത്തില്‍ ചേര്‍ക്കുന്ന സിങ്ക് ഫോസ്ഫേറ്റിന്റെ അംശം മരുന്നുകളിലുണ്ടായിരുന്നതായി കണ്ടെത്തിയത്.

അഞ്ചുമണിക്കൂറിനുള്ളില്‍ 83 ശസ്ത്രക്രിയകളാണ് ഡോക്ടര്‍ ആര്‍കെ ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഡോക്ടറെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ പിഴവല്ല മരുന്നിലെ പാളിച്ചയാണ് മരണത്തിന്  കാരണമെന്ന് ആര്‍കെ ഗുപ്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശേധനയിലാണ് മരണത്തിന് കാരണമാകുന്ന സിങ്ക് ഫോസ്ഫേറ്റിന്റെ അംശം കണ്ടെത്തിയത്. മരുന്നുകള്‍ വിശദ പരിശോധനയ്ക്കായി കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയക്കും. നിരോധനം നേരിട്ടിരിക്കുന്ന പത്ത് മരുന്നുകളില്‍  ആറെണമാണ് ക്യാമ്പില്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

മരിച്ച പതിനാല് സ്ത്രീകളും മരണ സമയത്തും മുമ്പും കാണിച്ച അസ്വസ്ഥതയും  അടയാളങ്ങളും സിങ്ക് ഫോസ്ഫേറ്റ് അകത്തു ചെന്നവര്‍ കാണിക്കുന്ന അസ്വസ്ഥതകള്‍ക്ക് സമാനമായിരുന്നുവെന്ന് ഡോ അലോക് ശുക്ള വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഒരു റിട്ടയേര്‍ഡ് ജഡ്ജി അന്വേഷണം നടത്തും. മൂന്നു മാസത്തിനുള്ളില്‍ ഇദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക