ക്രമസമാധാനപ്രശ്നം : അനുപം ഖേറിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ഞായര്‍, 10 ഏപ്രില്‍ 2016 (16:59 IST)
എന്‍ ഐ ടി ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ ശ്രീനഗറിലെ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തടഞ്ഞു വച്ചതെന്ന് പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് പോകുന്നതെന്ന് ഖേര്‍ വ്യക്തമാക്കി. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ താന്‍ അഭിനന്ദിക്കുന്നുവെന്ന് ഖേര്‍ പറഞ്ഞു. ട്വന്‍റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ പരാജയം ആഘോഷിച്ച് ഒരു വിഭാഗം മുദ്രാവാക്യം മുഴക്കിയെന്ന പ്രചാരണത്തെ തുടര്‍ന്ന് എന്‍ ഐ ടിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

കശ്മീരില്‍ ഒരു വിഭാഗം ഐ എസിന്‍റെയും പാകിസ്ഥാന്‍റെയും ദേശീയ പതാകകളാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഖേര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഖേര്‍ കൂട്ടിച്ചേര്‍ത്തു. താനൊരു കശ്മീരി പണ്ഡിറ്റായതുകൊണ്ട് അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ഖേര്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക