മോദി ഇഫക്ടോ? റോഡുകളിലെ സീബ്രാ ലൈനും സ്‌പീഡ്‌ ബ്രേക്കര്‍ ലൈനും കാവി നിറത്തില്‍ !

ബുധന്‍, 10 ഫെബ്രുവരി 2016 (15:11 IST)
ഇരുട്ടിവെളുത്തപ്പോള്‍ സീബ്രാ ലൈനും സ്‌പീഡ്‌ ബ്രേക്കര്‍ ലൈനും കാവി കളറില്‍. അഹമ്മദാബാദ്‌ മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള റോഡ്‌ ബില്‍ഡിങ്‌ വകുപ്പാണ്‌ റോഡില്‍ കാവി നിറത്തില്‍ ട്രാഫിക്‌ ലൈനുകള്‍ വരച്ചത്‌.
 
സംഭവത്തെക്കുറിച്ച്‌  അന്വേഷിച്ചപ്പോള്‍ റോഡിന്റെ പരിപാലനം മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള റോഡ്‌ ബില്‍ഡിങ്‌ വകുപ്പിനാണെന്ന്‌ പറഞ്ഞ്‌ പൊലീസ് കയ്യൊഴിയുകയായിരുന്നു.
 
മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള പതിനാല്‌ റോഡുകളിലാണ്‌ കാവി നിറത്തിലുള്ള ട്രാഫിക്‌ ലൈനുകള്‍ വരച്ചത്‌. എന്നാല്‍ ഇത്  കോര്‍പറേഷന്റെ ഉത്തരവാദിത്വമില്ലായ്മയാണെന്ന് ഒരു മുതിര്‍ന്ന പൊലീസുകാരന്‍ പറഞ്ഞു.
 
അഹമ്മദാബാദ്‌ നഗരപരിസരത്തെ ഒട്ടുമിക്ക സ്‌പീഡ്‌ ബ്രേക്കറുകളും സീബ്രാ ലൈനുകളും രാത്രിയില്‍ തന്നെ പെയ്‌ന്റ് ചെയ്‌ത് കഴിഞ്ഞിരുന്നു. കറുപ്പില്‍ മഞ്ഞയോ വെള്ളയോ നിറങ്ങള്‍ ഉപയോഗിക്കുന്നതാണ്‌ വ്യക്‌തമായി കാണാന്‍ കഴിയുന്നതെന്നും മഞ്ഞ വരകള്‍ അപകടത്തെ സൂചിപ്പിക്കുന്നുവെന്നും ഇതിന്‌ പകരം കാവി നിറം ഉപയോഗിച്ചാല്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ഒരു ട്രാഫിക്‌ പോലിസ്‌ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
ട്രാഫിക്‌ ലൈനുകള്‍ വരച്ച കളര്‍ മാറിപ്പോയെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഉടന്‍തന്നെ കളറുകള്‍ മാറ്റി വരയ്‌ക്കുമെന്നും റോഡ്‌ ബില്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ജിതിന്‍ പട്ടേല്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക