എന്നാൽ ചില നാട്ടുരാജ്യങ്ങൾ സ്വതത്രമായി തുടരാൻ തീരുമാനിച്ചു. അത്തരത്തിലുള്ള ഒരു നാട്ടുരാജ്യമായിരുന്നു ജമ്മു കശ്മീർ. മഹാരാജ ഹരിസിങിന്റെ ഭരണത്തിൻ കീഴിലായിരുന്നു അന്ന് കശ്മീർ. എന്നാൽ കശ്മീരിനെ പാകിസ്ഥാനിലേക്ക് കൂട്ടിച്ചേർക്കാൻ പാകിസ്ഥാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ചില ഗോത്ര വർഗക്കാരെ ഇളക്കിവിട്ടും സൈനിക നീക്കങ്ങളിലൂടെയും പാകിസ്ഥാൻ കശ്മീരിലേക്ക് നുഴഞ്ഞുകയറി.
രാജ്യം പാകിസ്ഥാൻ പിടിച്ചടക്കും എന്ന് വ്യക്തമായതോടെ രാജാവ് ഇന്ത്യയുടെ സഹായം തേടി. എന്നാൽ നെഹ്റു സഹായം നൽകാൻ വിസമ്മതിച്ചു. മറ്റൊരു രാജ്യത്തിലേക്ക് സൈന്യത്തെ അയക്കാനാകില്ല എന്ന് നെഹ്റു നിലപാട് എടുത്തതോടെ മഹാരാജ ഹരിസിങ് ഇന്ത്യയുമായി ലയനക്കരാർ ഒപ്പുവക്കുകയായിരുന്നു. അങ്ങനെയാണ് കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറിയത്.
ഈ കരാറാണ് കശ്മീരിന് പ്രത്യേക അധികാരം നൽകുന്നതിന് തുടക്കം കുറിച്ചത്. കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറി എങ്കിലും പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നി മേഖലകളിലെ അധികാരം മാത്രമാണ് ജമ്മു കശ്‌മീർ അന്ന് ഇന്ത്യയെ ഏൽപ്പിച്ചത്. മറ്റെല്ലാം കാര്യങ്ങളില്ലും പൂർണ അധികാരം ജമ്മു കശ്മീർ അസംബ്ലിക്കായിരുന്നു. ഈ പ്രത്യേക അധികാരങ്ങൾ പിന്നീടും തുടർന്നുപോരുകയായിരുന്നു. ഇതേ അധികരങ്ങളാണ് പിന്നീട് 370ആം അനുച്ഛേദത്തിൽ ഉൾപ്പെടുത്തിയത്.