സൗമ്യ വധക്കേസ്; പുനഃപരിശോധന ഹർജി തള്ളി, കട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടി

വെള്ളി, 11 നവം‌ബര്‍ 2016 (16:38 IST)
സൗമ്യ വധക്കേസിലെ പുനഃപരിശോധന ഹർജി സുപ്രിംകോടതി തള്ളി. സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വാദം കേൾക്കവേ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ ആരെങ്കിലും ഒന്നു കോടതിയിൽ നിന്നും ഇറക്കി കൊണ്ടുപോകാൻ  ജഡ്ജി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ഒരു നാടകീയ രംഗങ്ങൾ സുപ്രിംകോടതിയിൽ അരങ്ങേറുന്നത്. ഗോവിന്ദച്ചാമിക്കെതിരെയുള്ള വധശിക്ഷ നിലനിൽക്കുന്നില്ലെന്നും കോടതി അറിയിച്ചു. 
 
കട്ജുവിനെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാൻ തയ്യാറായി സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കോടതി കട്ജുവിനയച്ചു. കോടതിയേയും കോടതി വിധിയേയും വിമർശിച്ചതിനാണ് നോട്ടീസ് അയച്ചത്. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കോടതിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് ജഡ്ജി ആരോപിച്ചു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും കട്ജുവും തമ്മിലായിരുന്നു വാഗ്ദ്വാദം.
 
കട്ജുവിന്റെ ബ്ലോഗുക‌ൾ മൂന്ന് ജഡ്ജിമാരെ അപഹസിക്കുകയാണ് ചെയ്തത്. കോടതിയേയും അപമാനിക്കുന്ന തരത്തിലായിരുന്നു കട്ജുവിന്റെ പോസ്റ്റുകൾ എന്ന് ജഡ്ജി പറഞ്ഞു. സാമാന്യം ബുദ്ധി കാണിക്കേണ്ട കേസായിരുന്നു ഇത് എന്നിട്ടും കോടതി അത് കാണിച്ചില്ലെന്ന് കട്ജു വാദിച്ചു. കട്ജുവിന്റെ വാദങ്ങളെ പിന്തുണച്ച് അറ്റോണി ജനറൽ കോടതിയിൽ വിശദീകരണങ്ങൾ നൽകിയിരുന്നു. 
 
അതോടൊപ്പം, കോടതി നടപടിയെ അംഗീകരിക്കുന്നില്ലെന്ന് കട്ജു പ്രതികരിച്ചു. തന്റെ അഭിപ്രായമാണ് താൻ പറഞ്ഞത്. അതിനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി നടപടിയെ താൻ ഭയക്കുന്നില്ലെന്നും കട്ജു വാദിച്ചു. വാദങ്ങൾ വിശദീകരിക്കെവെ രൂക്ഷ വിമർശനങ്ങളാണ് കട്ജുവിന് നേരിടേണ്ടി വന്നത്.

വെബ്ദുനിയ വായിക്കുക