സൗദിയിൽ കുടുങ്ങിയത് 10,000-ത്തിലധികം ഇന്ത്യക്കാർ, നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (09:01 IST)
സൗദി അറേബ്യയിലെ ജിദ്ദയിൽ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചത്തെിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാർക്ക് ഇന്ത്യൻ സമൂഹത്തിന്റെ സഹായത്തോടെ ഭക്ഷണ സാധനങ്ങ‌ൾ എത്തിച്ചു. നിർമാണ മേഖലയിലെ തൊഴിൽ നഷ്ടപ്പെട്ട് മാസങ്ങളായി വേതനമില്ലാതെ ലേബർക്യാമ്പുകളിൽ കഷ്ടതയനുഭവിക്കുന്ന തൊഴിലളികൾക്കാണ് സഹായമെത്തിച്ചത്. മൂന്നു ദിവസങ്ങളായി ഇന്ത്യാക്കാർക്ക് ഭക്ഷണമെത്തിച്ചുവെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
 
പ്രശ്നത്തിലകപ്പെട്ടവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ പറഞ്ഞു. ഇന്ത്യയിലെ സൗദി അംബാസഡറുമായും സൗദിയിലെ ഇന്ത്യന്‍ അംബാസഡറുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു. എക്സിറ്റ് പാസ് അനുവദിച്ച് അവരെ നാട്ടിലത്തെിക്കാനാണ് ശ്രമിക്കുന്നത്. അത് സൗദി അധികാരികള്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കാന്‍ അല്‍പം സമയമെടുക്കും. അതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
(ചിത്രത്തിന് കടപ്പാട്: വിദേശകാര്യ മന്ത്രിയുടെ ട്വിറ്റർ പേജ്)
 

വെബ്ദുനിയ വായിക്കുക