രാഹുല്‍ ചുമതലയേറ്റ ചടങ്ങില്‍ സോണിയ അസ്വസ്ഥയായി; പ്രസംഗിക്കാതെ നിന്നത് നാല് മിനിട്ടോളം
ശനി, 16 ഡിസംബര്‍ 2017 (13:35 IST)
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സോണിയ ഗാന്ധി അസ്വസ്ഥയായി. സോണിയ പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ചതാണ് അവരെ ബുദ്ധിമുട്ടിലാക്കിയത്.
രാവിലെ 11 മണിയോടെയാണ് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സോണിയ പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു. തനിക്ക് തൊണ്ട വേദനയാണെന്നും ശബ്ദം കുറയ്‌ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടുവെങ്കിലും പടക്കത്തിന്റെ ശബ്ദം തുടര്‍ന്നു. ഇതോടെ അസ്വസ്ഥയായ സോണിയ നാല് മിനിട്ടോളം പ്രസംഗിക്കാതെ നിന്നു.
തുടര്‍ന്ന് സോണിയ പ്രസംഗം ആരംഭിച്ചുവെങ്കിലും പുറത്ത് പടക്കം പൊട്ടിക്കുന്നത് തുടര്‍ന്നു.
കോണ്‍ഗ്രസിന്റെ പതിനേഴാമത് പ്രസിഡന്റാണ് 47കാരനായ രാഹുല്‍ ഗാന്ധി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന സാക്ഷ്യപത്രം മുഖ്യവരണാധികാരിയും തെരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിന് കൈമാറുകയും ചെയ്തു. കെപിസിസി അധ്യക്ഷന്‍മാര്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.