നരേന്ദ്ര മോഡി അധികാരത്തിലേറിയ ശേഷം രാജ്യത്തെ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് കൊണ്ടുവന്ന 2013 ലെ ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ബിജെപി സര്‍ക്കാര്‍ ഭേദഗതി വരുത്തിയാല്‍ എതിര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാംലീല മൈതാനത്ത് നടന്ന റാലി ഉദ്ഘാടനം ചെയ്‌തും സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.
അതേസമയം, ഇപ്പോള്‍ നടക്കുന്നത് മേയ്‌ക്ക് ഇന്‍ ഇന്ത്യ അല്ല, നരേന്ദ്ര മോഡിയുടെ ഇന്ത്യയെ ഏറ്റെടുക്കലാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ പാവപ്പെട്ടവരായ കര്‍ഷകര്‍ക്ക് വേണ്ടി പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല. മാന്‍ കി ബാത് ഷോയില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനും കാണാനും മോഡി സമയം ചെലവഴിക്കാറില്ലെന്നും രാഹുല്‍ പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ സമരം കര്‍ഷകരുടെ അന്തസിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണ്. കോണ്‍ഗ്രസിന്റെ 44 എംപിമാരും ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരായി മുന്നില്‍ നിന്ന് പോരാടും. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരായ സമരം പാര്‍ലമെന്റില്‍ മാത്രം ഇനി ഒതുങ്ങില്ല. സംസ്ഥാന നിയമസഭകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി കര്‍ഷകരെ കാണണം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാവണം. കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി തങ്ങള്‍ എന്നും കൂടെ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി റാലിയില്‍ പറഞ്ഞു.
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരടക്കം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍, നിയമസഭാകക്ഷി നേതാക്കള്‍, പിസിസി പ്രസിഡന്റുമാര്‍, എഐസിസി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.