വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്ത‌രുത്: സർവകലാശാലയോട് സ്മൃതി ഇറാനി

വ്യാഴം, 19 ജനുവരി 2017 (09:21 IST)
കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസരേഖകള്‍ സംബന്ധിച്ച വിവാദം തുടരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ വെളുപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡൽഹി സർവകലാശാലയോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങാണ് ഇക്കാര്യം കേന്ദ്ര വിവരാവകാശ കമ്മിഷനെ അറിയിച്ചത്.
 
സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിനോട് കേന്ദ്ര വിവരാവകാശ കമ്മിഷൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡൽഹി യൂണിവേഴ്സിറ്റിക്ക് കേന്ദ്ര വിവരാവകാശ കമ്മിഷൻ ഷോക്കോസ് നോട്ടിസ് അയക്കുകയും ചെയ്തു.
 
നാമനിർദേശ പത്രികയിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരം നൽകി എന്ന് ആരോപിച്ചാണു സ്മൃതിക്കെതിരെ അഹ്മർ ഖാൻ എന്ന ഫ്രീലാൻസ് പത്രപ്രവർത്തകൻ കേസ് ഫയൽ ചെയ്തത്. 2004, 2011, 2014 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പരസ്​പരവിരുദ്ധമായ സത്യവാങ്മൂലങ്ങളാണ് നൽകിയതെന്നാണ് ആരോപണം.
 
2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ സ്മൃതി ഇറാനി നൽകിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഡൽഹി യൂണിവേഴ്സ്റ്റിൽ നിന്നുള്ള ബിഎ ആണ് എന്നായിരുന്നു. എന്നാൽ, 2011 ജൂലൈ 11ന് രാജ്യസഭയിലേക്ക് മൽസരിക്കുമ്പോൾ നൽകിയ വിദ്യാഭ്യാസ യോഗ്യതയിൽ ബി.കോം പാർട്ട് 1 ആണ് ഉന്നത വിദ്യാഭ്യാസ യോഗ്യത എന്നും. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് മന്ത്രിക്കെതിരെ ആരോപണം ഉയർന്നത്. 
 

വെബ്ദുനിയ വായിക്കുക