ഗോപിനാഥ് മുണ്ടെയുടെ വിദ്യാഭ്യാസ യോഗ്യതയും വിവാദത്തില്‍

ഞായര്‍, 1 ജൂണ്‍ 2014 (15:13 IST)
കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമായതിന് പിന്നാലെ ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെയ്‌ക്കെതിരെയും ആരോപണവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദാണ് മുണ്ടെയ്‌ക്കെതിരായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1978- ല്‍ സ്ഥാപിക്കപ്പെട്ട കോളേജില്‍നിന്ന് മുണ്ടെ 1976 ല്‍ ബിരുദമെടുക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് അദ്ദേഹം ട്വിറ്ററില്‍ ഉന്നയിച്ചത്.
 
പുനെയിലെ ന്യൂ ലോ കോളേജില്‍നിന്ന് 1976 ല്‍ നിയമ ബിരുദമെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ മുണ്ടെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ കോളേജ് സ്ഥാപിക്കപ്പെട്ടത് 1978 ലാണ്. താല്‍ ബിരുദമെടുത്തത് പുനെ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് എന്ന വിശദീകരണവുമായി മുണ്ടെയും രംഗത്ത് വന്നിട്ടുണ്ട്. 
 
2004 ലും 2014 ലും നല്‍കിയ സത്യവാങ്മൂലങ്ങളില്‍ ബിരുദം സംബന്ധിച്ച വ്യത്യസ്ത വിവരങ്ങള്‍ നല്‍കിയതാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് വിനയായത്. വിദ്യാഭ്യാസ യോഗ്യതയല്ല, പ്രവര്‍ത്തനം നോക്കിയാണ് തന്നെ വിലയിരുത്തേണ്ടത് എന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക