പുകവലി നിര്‍ത്തിച്ചേ അടങ്ങു, മുന്നറിയിപ്പ് കൂട്ടി മടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (17:42 IST)
ശ്വാസകോശം സ്പോഞ്ച്പോലെയാണ് വായു വലിച്ചുകയറ്റാനുള്ളതാണ്, പുക വലിച്ചുകയറ്റാനുള്ളതല്ല എന്നോക്കെ നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറഞ്ഞിട്ടും ഇന്ത്യക്കാര്‍ വലി കുറക്കുന്നില്ലെന്ന് കണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ തന്ത്രവുമായി രംഗത്ത്. ഇനിമുതല്‍ സിഗരറ്റ്, ബീഡി പായ്ക്കറ്റുകളില്‍ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പ് 85 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചെയ്തിരിക്കുന്നത്.
സിഗററ്റ് പായ്‌ക്കറ്റിന്റെ കവറില്‍ ഇനി 85 ശതമാനവും കയ്യടക്കുക മുന്നറിയിപ്പുകളാകും. 60 ശതമാനം ചിത്രങ്ങളും 25 ശതമാനം വാചകങ്ങളും എന്നതായിരിക്കും രീതി.
പുകയില കമ്പനികള്‍ക്ക് ഇക്കാര്യം നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള വിജ്‌ഞാപനം പുറത്ത് വിട്ടതായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്‍ വ്യക്‌തമാക്കി. 2015 ഏപ്രില്‍ 1 മുതലായിരിക്കും പുതിയ പായ്‌ക്കിംഗ് നിലവില്‍ വരിക.
നിലവില്‍ 5 ശതമാനം സ്‌ഥലം മാത്രമാണ് മുന്നറിയിപ്പിനായി സിഗററ്റ് കമ്പനിക്കാര്‍ നീക്കി വെച്ചിട്ടുള്ളത്. സര്‍ക്കാര്‍ തീരുമാനം നടപ്പിലാകുന്നതോടെ സിഗററ്റ് പായ്‌ക്കറ്റില്‍ മുന്നറിയിപ്പ് ഏറ്റവും കൂടുതല്‍ ഭാഗത്ത് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും എത്തും. നിലവില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പായ്‌ക്കറ്റുകളില്‍ 85 ശതമാനവും മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത് തായ്‌ലന്റ് മാത്രമാണ്. ഓസ്‌ട്രേലിയ 82.5 ശതമാനം. ഉറുഗ്വേ 80 ശതമാനം എന്നിവരാണ് മുന്നിലുള്ള മറ്റുള്ളവര്‍.