ഡങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാർക്കു ഭീമമായ തുകയുടെ ബിൽ നൽകി ആശുപത്രി. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കിടന്ന ശേഷമായിരുന്നു പെൺകുട്ടി മരിച്ചത്. തുടര്‍ന്നാണ് 18 ലക്ഷത്തിലേറെ രൂപയുടെ ബില്‍ ഹരിയാനയിലെ ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രി അധികൃതർ കുട്ടിയുടെ വീട്ടുകാർക്കു നൽകിയത്.
ആദ്യ സിങ് എന്ന പെൺകുട്ടിയാണ് പനി ബാധിച്ച് മരിച്ചത്. ഡോപ്‌ഫ്ലോട്ട് എന്ന ട്വിറ്റർ ഉപയോക്താവാണ് ആശുപത്രിയുടെ ഈ നടപടി പുറത്തുകൊണ്ടുവന്നത്. ഈ പോസ്റ്റ് ട്വിറ്ററിൽ വൈറലായതോടെ കേന്ദ്ര ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. തന്റെ സഹപാഠിയുടെ മകളാണു മരിച്ചതെന്നു പറഞ്ഞ ഡോപ്‌ഫ്ലോട്ട്, കുട്ടിയെ പരിചരിക്കാൻ 2700 കയ്യുറകൾ ഉപയോഗിച്ചതിനു ബില്ലിൽ പണം വാങ്ങിയെന്ന കാര്യവും പറയുന്നു.
അതേസമയം, കുട്ടി രക്ഷപ്പെടില്ലെന്നു ഡോക്ടർമാർക്ക് അറിയാമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഐസിയുവിൽ കിടത്തിയ കുട്ടിയുടെ മസ്തിഷ്കത്തിലെ കോശങ്ങൾ നശിച്ച കാര്യം ഡോക്ടര്‍മാര്‍ക്ക് ബോധ്യമായിട്ടും പരിശോധിക്കാൻ അവര്‍ തയാറായില്ല. തന്റെ നിർബന്ധത്തിലാണു പിന്നീട് ആശുപത്രി അധികൃതർ എംആര്‍ഐ പരിശോധന നടത്തിയതെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി
അതേസമയം, എല്ലാ മെഡിക്കൽ പ്രൊട്ടോക്കോളുമനുസരിച്ചാണ് കുട്ടിയെ പരിശോധിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡെങ്കിപ്പനി ബാധിച്ച പെൺകുട്ടിക്കു പിന്നീടു ഡെങ്കി ഷോക്ക് സിൻഡ്രോമും ബാധിച്ചു. ഐവി ഫ്ലൂയിഡുകളും മറ്റു ജീവൻരക്ഷാ ഉപകരണങ്ങളും വഴിയാണു ജീവൻ നിലനിർത്തിയിരുന്നത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് അകാരണമായി കുറഞ്ഞതാണു മരണകാരണമെന്നും ആശുപത്രിയുടെ വൃത്തങ്ങള്‍ പറയുന്നു.